ഓരോ സ്ഥാപനത്തിലും ഉള്ള അസാധുവാക്കപ്പെട്ട കറന്‍സികളുടെ കണക്ക്, ഇവ മാറ്റിയെടുക്കുന്നതിനായി കൈക്കൊണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്.
കുവൈത്ത് സിറ്റി: ഇന്ത്യയില്‍ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയത് മൂലമുണ്ടായ പ്രതിസന്ധി സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ മണി എക്‌സ്‌ചേഞ്ചുകളോട് വിശദീകരണം തേടി. ഓരോ സ്ഥാപനത്തിലും ഉള്ള അസാധുവാക്കപ്പെട്ട കറന്‍സികളുടെ കണക്ക്, ഇവ മാറ്റിയെടുക്കുന്നതിനായി കൈക്കൊണ്ട നടപടികള്‍ എന്നിവ സംബന്ധിച്ച് വിശദീകരണം നല്‍കാനാണ് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചിരിക്കുന്നത്.
ഓരോ മണി എക്‌സ്‌ചേഞ്ചിലും ഒന്നുമുതല്‍ മൂന്നുകോടി രൂപ വരെ പഴയ നോട്ടുകള്‍ ഉണ്ടെന്നാണ് വിവരം. ഓരോ മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിലും ഇത്തരം എത്ര നോട്ടുകളുണ്ടെന്നും ഇവ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് സെന്‍ട്രല്‍ ബാങ്ക് ചോദിച്ചിരിക്കുന്നത്.
എന്നാല്‍ കറന്‍സി മാറ്റിയെടുക്കുന്നതു സംബന്ധിച്ച് വിശദീകരണം നല്‍കാനാവാത്ത അവസ്ഥയിലാണ് മണി എക്‌സ്‌ചേഞ്ചുകള്‍. കയറ്റിറക്കുമതി ലൈസന്‍സ് പ്രകാരം ഇന്ത്യയില്‍ നിന്നെത്തിക്കുന്ന രൂപയാണ് മണി എക്‌സ്‌ചേഞ്ചുകളുടെ കൈവശം പ്രധാനമായും ഉള്ളത്. ആഭ്യന്തര വിപണിയില്‍ ക്രയവിക്രയത്തിലൂടെ ശേഖരിച്ച നോട്ടുകളുമുണ്ട്. കറന്‍സി പിന്‍വലിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം തേടിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ മാര്‍ഗനിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ത്യയില്‍നിന്ന് വരുമ്പോള്‍ കൊണ്ടുവന്ന 500, 1000 കറന്‍സികള്‍ കൈവശമുള്ള പ്രവാസികളും പഴയ നോട്ട് കൈവശമുള്ള മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളും എന്തുചെയ്യണമെന്നതു സംബന്ധിച്ചാണ് അംബാസഡര്‍ സുനില്‍ ജെയിന്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശം തേടിയത്.
നാട്ടിലുള്ളവര്‍ക്ക് ഡിസംബര്‍ 30 നകം ബാങ്കുകളില്‍ നിന്നും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ട്. അടുത്തൊന്നും നാട്ടില്‍ പോവാത്ത വിദേശ ഇന്ത്യക്കാരാണ് ബുദ്ധിമുട്ടിലായത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്തു പോവുമ്പോള്‍ 25,000 രൂപ അടിയന്തരാവശ്യങ്ങള്‍ക്കായി പണമായി സൂക്ഷിക്കാന്‍ അനുമതിയുണ്ട്. ഇതനുസരിച്ച് 500, 1000 നോട്ടുകള്‍ സൂക്ഷിച്ചവരാണ് വലയുന്നത്. ഗള്‍ഫിലെ ഇന്ത്യന്‍ ബാങ്ക് ശാഖകള്‍ക്കും ഇതുവരെ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.