
വാഷിങ്ടണ്‍: യു.എസ്. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ (എന്‍.എസ്.എഫ്.) മേധാവിയായി ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍ സേതുരാമന്‍ പഞ്ചനാഥനെ (58) തിരഞ്ഞെടുത്തു. മെഡിക്കല്‍ മേഖലയിലൊഴികെയുള്ള വിദ്യാഭ്യാസരംഗത്തേക്കുവേണ്ട ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്ന സ്ഥാപനമാണ് എന്‍.എസ്.എഫ്.
നിലവിലെ ഡയറക്ടറായ ഫ്രാന്‍സ് കൊര്‍ഡോവയുടെ കാലാവധി 2020ല്‍ അവസാനിക്കാനിരിക്കേയാണ് സേതുരാമന്റെ നിയമനം. തമിഴ്നാട്ടില്‍ ജനിച്ച സേതുരാമന്‍ ഇപ്പോള്‍ അരിസോണ സ്റ്റേറ്റ് സര്‍വകലാശാലയില്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും ചീഫ് റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ ഓഫീസറുമാണ്.
1981ല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഫിസിക്സില്‍ ബിരുദവും 1984ല്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എന്‍ജിനിയറിങ് ബിരുദവും 1986ല്‍ മദ്രാസ് ഐ.ഐ.ടി.യില്‍നിന്ന് എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തരബിരുദവും നേടി. 1989ല്‍ ഓട്ടവ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി.യും കരസ്ഥമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.