
ന്യൂയോര്‍ക്: ആരോഗ്യ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്ക് യു.എസില്‍ അഞ്ചുവര്‍ഷത്തിലേറെ വര്‍ഷം(63 മാസം) തടവുശിക്ഷ. കാലിഫോര്‍ണിയയിലെ വിലാസിനി ഗണേഷിനെ(47)യാണ് ശിക്ഷിച്ചത്. ആരോഗ്യ പരിരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചതായും കണ്ടെത്തി.
എട്ടാഴ്ചത്തെ വിചാരണക്കുശേഷം വിലാസിനിയും ഭര്‍ത്താവ് ഗ്രിഗറി ബ്ലെച്ചറും കുറ്റക്കാരാണെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി വിധിച്ചിരുന്നു. ഏപ്രിലില്‍ ഗ്രിഗറിയെ ഒരു വര്‍ഷം തടവിനു ശിക്ഷിക്കുകയും ചെയ്തു. വ്യാജ മെഡിക്കല്‍ ക്ലെയിമുകള്‍ സമര്‍പ്പിച്ചതിന്റെ തെളിവുകള്‍ കോടതിക്കു ലഭിച്ചിരുന്നു. രോഗികള്‍ ചികിത്സയിലില്ലാത്ത സമയത്തെയും തനിക്ക് ബന്ധമുള്ള രോഗികളുടെയും ക്ലെയിമുകള്‍ സമര്‍പ്പിച്ചിരുന്നു.
കൂടാതെ ചില രോഗികളെ മാസത്തില്‍ 12 മുതല്‍ 15 വരെ തവണ കണ്ടതായി കാണിച്ചും ഇന്‍ഷുറന്‍സ് കമ്പനിക്ക് ബില്ല് നല്‍കി. ജയില്‍മോചനത്തിനുശേഷം മൂന്നു വര്‍ഷത്തെ നല്ലനടപ്പും വിധിച്ചിട്ടുണ്ട്. കൂടാതെ 3,44000 ഡോളര്‍ പിഴയുമടക്കണം. നവംബര്‍ ഒന്നുമുതല്‍ ശിക്ഷ തുടങ്ങും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.