Currency

പൊതുമാപ്പിന് അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ ഹെല്‍പ് ലൈനുമായി ഇന്ത്യന്‍ എംബസി

സ്വന്തം ലേഖകന്‍Saturday, August 11, 2018 11:20 am

 

അബുദാബി: യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ് ലൈന്‍ ആരംഭിച്ചു. ആവശ്യമായ യോഗ്യതകള്‍ ഉള്ള പൊതുമാപ്പ് അപേക്ഷകരെ അഭിമുഖം നടത്തി അനുയോജ്യമായ ജോലിക്ക് ഓഫര്‍ ലെറ്റര്‍ നല്‍കാനുള്ള സംവിധാനമാണ് വിവിധ കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുള്ളത്.

ഇന്ത്യക്കാര്‍ പൊതുമാപ്പ് അപേക്ഷയോടൊപ്പം പുതിയ ജോലിയുടെ ഓഫര്‍ ലെറ്ററും സമര്‍പ്പിച്ചാല്‍ രാജ്യം വിടാതെ തന്നെ ജോലി മാറാന്‍ സാധിക്കും. പരമാവധി ഇന്ത്യക്കാര്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ യുഎഇ ആറു മാസത്തെ താല്‍ക്കാലിക വീസയും അനുവദിക്കുന്നുണ്ട്. എന്നാല്‍ താല്‍ക്കാലിക വീസയില്‍ ജോലി ചെയ്യാന്‍ അനുമതിയുണ്ടാകില്ലെന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

താല്‍പര്യമുള്ളവര്‍ help@iwrcuae.in എന്ന ഇ മെയില്‍ വിലാസത്തിലോ 800 46342 ടോള്‍ഫ്രീ നമ്പറിലോ ബന്ധപ്പെടണം. വ്യക്തി വിവരങ്ങള്‍, യോഗ്യത, തൊഴില്‍പരിചയം എന്നിവ അടങ്ങുന്ന ബയോഡേറ്റ സഹിതമാണ് ഹെല്‍പ് ലൈനെ സമീപിക്കേണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x