
കുവൈത്ത് സിറ്റി: വ്യാജ നഴ്സിംഗ് റിക്രൂട്‌മെന്റ് പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നു കുവൈത്തിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്. നവംബറില്‍ ബാംഗ്ലൂരില്‍ വെച്ച് കുവൈത്ത് എം.ഒ.എച്ചിലേക്കുള്ള നഴ്സുമാരുടെ ഇന്റര്‍വ്യൂ നടക്കുമെന്ന തരത്തില്‍ വാട്‌സ്ആപ്പിലും മറ്റും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ നിന്ന് നഴ്സുമാരെ റിക്രൂട് ചെയ്യുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമറിയിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ പരസ്യത്തില്‍ പറഞ്ഞിരിക്കുന്ന ഇന്റര്‍വ്യൂ വ്യാജമാണെന്നും എംബസ്സി അറിയിച്ചു.
റിക്രൂട്‌മെന്റ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയില്‍ നിന്നു നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏജന്‍സികള്‍ വഴി റിക്രൂട്‌മെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ എംബസ്സി നടത്തി വരുന്നുണ്ട്.
എത്ര നഴ്സുമാരുടെ ഒഴിവുണ്ട് എന്നതുള്‍പ്പെടെ റിക്രൂട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന എംബസ്സിയുടെ ആവശ്യത്തോട് ആരോഗ്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും എംബസ്സി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.