Currency

കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ കൊല്ലപ്പെട്ട നിലയില്‍

സ്വന്തം ലേഖകന്‍Thursday, July 5, 2018 10:59 am

ബഹ്റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തി. കോഴിക്കോട് താമരശേരി പരപ്പന്‍പൊയില്‍ ജീനാല്‍ തൊടുകയില്‍ അബ്ദുള്‍ നഹാസിനെയാണ് താമസസ്ഥലത്ത് മര്‍ദിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷമായി ബഹ്‌റൈനിലുള്ള നഹാസ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

ഇന്നലെയാണ് അബ്ദുള്‍ നഹാസ് കൊല്ലപ്പെട്ട വിവരം ബന്ധുക്കള്‍ അറിഞ്ഞത്. തിങ്കളാഴ്ച രാത്രിയില്‍ കൊലപാതകം നടന്നതായാണ് സംശയം. അന്നു രാത്രിയില്‍ പേരാമ്പ്ര സ്വദേശിയായ ബഹ്‌റൈനിലുള്ള സുഹൃത്തിനെ വിളിച്ച് നഹാസ് ചില ഭീഷണികളെക്കുറിച്ച് പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതായതിനെത്തുടര്‍ന്ന് താമസസ്ഥലത്ത് എത്തിയപ്പോഴാണ് നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൈകള്‍ രണ്ടും പിറകോട്ട് കെട്ടി, കാലുകള്‍ കൂട്ടി കെട്ടി. പൊലീസ് പിടിക്കാതിരിക്കാന്‍ മുളക് പൊടി, എണ്ണ, അരി ഇവയൊക്കെ തറയില്‍ വിതറി. തലയ്ക്ക് അടിച്ച് ആണ് കൊലപ്പെടുത്തിയിരിക്കുന്നത്. നഹാസിന്റെ മുറിയിലെ സാധനങ്ങളൊക്കെ വാരി വലിച്ചിട്ട നിലയിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. തലക്ക് അടിയേറ്റതിന്റെ പാടുകളുണ്ട്. നഹാസിന്റെ ബഹ്‌റൈനിലുളള ബന്ധുക്കളെയടക്കം ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.

സല്‍മാനിയ ആശുപത്രിയിലാണ് മൃതദേഹം ഉള്ളത്. നേരത്തെ ഖത്തറിലായിരുന്ന നഹാസ് മൂന്ന് വര്‍ഷം മുമ്പാണ് ബഹ്‌റൈനില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x