Currency

ഒമാനിലെ ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍; സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം ബോധവത്കരണം

സ്വന്തം ലേഖകന്‍Thursday, August 29, 2019 8:18 pm

മസ്‌കത്ത്: ഒമാനിലുള്ള ഇന്ത്യക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. www.indemb-oman.gov.in/register.php എന്ന വെബ് വിലാസത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഒമാനില്‍ ദീര്‍ഘകാലമായി കഴിയുന്നവരും വിസിറ്റ് വിസ അടക്കമുള്ള ഹ്രസ്വകാല വിസയിലെത്തുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇന്ത്യന്‍ എംബസി അധികൃതര്‍ ആവശ്യപ്പെടുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ഇന്ത്യക്കാരെ പെട്ടെന്ന് കണ്ടെത്തുന്നതിനും സഹായമെത്തിക്കുന്നതിനും ഇത് സഹായകമാവുമെന്ന് അധികൃതര്‍ പറയുന്നു.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ അപേക്ഷകര്‍ പാസ്‌പോര്‍ട്ടില്‍ നല്‍കിയ പ്രകാരമുള്ള പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്ത തീയതി, പാസ്േപാര്‍ട്ടിന്റെ കാലാവധി, ജോലി, ഒമാനില്‍ തങ്ങുന്നതിന്റെ ലക്ഷ്യം, ഒമാനില്‍ എത്തിയ തീയതി, ഒമാനിലെ വിലാസം, ടെലിഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ഹ്രസ്വകാല വിസയില്‍ വന്നവരും ഒമാനില്‍ തങ്ങിയ കാലാവധി രേഖപ്പെടുത്തണം.

ഒരു ഇന്ത്യന്‍ പൗരനെ പറ്റിയുള്ള വിവരങ്ങളും പാസ്‌പോര്‍ട്ട് അടക്കം വിവരങ്ങളും ലഭ്യമാവുന്നത് വഴി അത്യാവശ്യ ഘട്ടത്തില്‍ ഇവരുമായി ബന്ധപ്പെടാന്‍ സഹായകമാവുമെന്ന് എംബസിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റ് നവീകരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി രജിസ്‌ട്രേഷന്റെ ലിങ്ക് വെബ്‌സൈറ്റില്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. രജിസ്‌ട്രേഷന്റെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയടക്കം ബോധവത്കരണം നടത്തും. ജോലി ചെയ്യുന്നവരും ഒമാനില്‍ ഉന്നത പഠനത്തിനെത്തിയവരുമടക്കം എല്ലാവരും രജിസ്റ്റര്‍ ചെയ്യണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x