Currency

യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജ അറോറ ആകാംക്ഷ

സ്വന്തം ലേഖകന്‍Sunday, February 14, 2021 1:58 pm

യുഎന്‍: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ അറോറ ആകാംക്ഷ. നിലവിലെ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് തുടര്‍ച്ചയായ രണ്ടാം തവണയും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അറോറയുടെ പ്രഖ്യാപനം. 34കാരിയായ അറോറ ഇപ്പോള്‍ യുനൈറ്റഡ് നാഷണ്‍സ് ഡവലപ്‌മെന്റ് പദ്ധതിയുടെ ഓഡിറ്റ് കോര്‍ഡിനേറ്ററാണ്. 2022 ജനുവരിയിലാണ് സെക്രട്ടറി ജനറല്‍ തെരഞ്ഞെടുപ്പ്.

‘എന്റെ പദവിയില്‍ ഇരിക്കുന്ന ആരും ഇങ്ങനെ മത്സരരംഗത്തിറങ്ങുമെന്ന് തോന്നുന്നില്ല. നമ്മുടെ ഊഴത്തിനായി കാത്തിരിക്കുകയെന്നതാണ്. ലോകം അതിന്റെ വഴിക്കു പോകുന്നതു നോക്കി തലതാഴ്ത്തി അംഗീകരിക്കുക എന്നതാണ് വിധി. 75 വര്‍ഷമായി യുഎന്‍ ലോകത്തോട് അതിന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടില്ല. അഭയാര്‍ത്ഥികള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ല. മാനുഷിക സഹായങ്ങള്‍ പരിമിതമാണ്. സാങ്കേതിക വിദ്യയും പുതു ഭാവുകത്വങ്ങളും ഇല്ലാതായി. പുരോഗതിയിലേക്ക് നയിക്കുന്ന ഒരു യുഎന്നിനെ നാം അര്‍ഹിക്കുന്നുണ്ട്’ – സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട വീഡിയോയില്‍ അറോറ വ്യക്തമാക്കി.

ജനുവരി ഒന്നു മുതല്‍ പുതിയ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമാകും. എന്നാല്‍ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഐക്യരാഷ്ട്ര സഭയ്ക്ക് ഇതുവരെ വനിതാ സെക്രട്ടറി ജനറലുണ്ടായിട്ടില്ല. സുരക്ഷാ കൗണ്‍സില്‍ നിര്‍ദേശപ്രകാരം ജനറല്‍ അസംബ്ലിയാണ് സെക്രട്ടറിയെ നിയമിക്കുന്നത്. അഞ്ച് സ്ഥിരാംഗങ്ങളായ രാജ്യങ്ങളുടെ പിന്തുണയും വേണം. സ്ഥാനാര്‍ഥിയാകുന്ന വ്യക്തിയെ അംഗരാജ്യങ്ങള്‍ പിന്തുണയ്ക്കണം എന്ന വ്യവസ്ഥയുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x