Currency

ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിക്ക് യുഎസില്‍ വിസ നിഷേധിച്ചു

സ്വന്തം ലേഖകന്‍Thursday, March 9, 2017 12:03 pm

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജയായ കനേഡിയന്‍ യുവതിക്ക് യുഎസില്‍ വിസ നിഷേധിച്ചതായി റിപ്പോര്‍ട്ട്. മുപ്പതുകാരിയായ മന്‍പ്രീത് കൂനറിനാണ് യുഎസ് വിസ നിഷേധിച്ച് അതിര്‍ത്തിയില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. കൂനറിനോട് ഉദ്യോഗസ്ഥര്‍ കുടിയേറ്റ വിസ ആവശ്യപ്പെടുകയായിരുന്നു. കനേഡിയന്‍ മാധ്യമമായ സിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാനഡയില്‍ പൗരത്വം നേടി സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജയാണ് കൂനര്‍.

സുഹൃത്തുക്കള്‍ക്കൊപ്പം വെര്‍മോണ്ടിലെ ഒരു സ്പായിലേക്ക് പോകുന്നതിനിടെയാണ് ഇവരെ അതിര്‍ത്തിയില്‍ തടഞ്ഞത്. ആറ് മണിക്കൂറോളം അതിര്‍ത്തിയില്‍ തങ്ങിയ ശേഷം പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മന്‍പ്രീത് കൂനര്‍ തിരിച്ച് മടങ്ങുകയായിരുന്നു. തനിക്ക് യുഎസ് വിസ നിഷേധിച്ചെന്ന് കൂനര്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റ വിസയില്ലാതെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ട്രംപിന്റെ നയം നിങ്ങളെ തടയുന്നുവെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഇവര്‍ വ്യക്തമാക്കി.

അതേസമയം ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ അധികാരമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x