
ദോഹ: ഖത്തറില്‍ നിന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ക്കുള്ള പുതിയ അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍വഴി സമര്‍പ്പിക്കണം. ഈ മാസം 15 മുതല്‍ പൂര്‍ണമായും ഓണ്‍ലൈനായി മാത്രം അപേക്ഷകള്‍ സമര്‍പ്പിക്കണം. നേരിട്ടു കടലാസില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
http://passport.gov.in/nri/Online.do. എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. വെബ്സൈറ്റില്‍ നിന്ന് പാസ്പോര്‍ട്ട് ഓണ്‍ലൈന്‍ റജിസ്ട്രേഷന് ഫോം ലഭ്യമാവും. ഓണ്‍ലൈന്‍ റജിസ്ട്രേഷന്, അപേക്ഷകന്റെ വിവരങ്ങള്‍, വിലാസം എന്നീ മൂന്നു ഭാഗങ്ങളാണ് അപേക്ഷാ ഫോമില്‍ ഉള്ളത്.
ഓണ്‍ലൈന്‍ റജിസ്ട്രേഷന്- നിങ്ങളുടെ പരിധിയിലുള്ള എംബസിയും ആവശ്യമുള്ള സേവനവും തിരഞ്ഞെടുക്കുക. അപേക്ഷകന്റെ വിശദാംശങ്ങള്‍ നല്‍കുക. ഇന്ത്യയിലെ സ്ഥിരം വിലാസമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുക. അതിനു ശേഷം സേവ് ആന്‍ഡ് കണ്ടിന്യൂ ക്ലിക് ചെയ്ത് അടുത്ത പേജിലേക്കു പ്രവേശിക്കുക.
രണ്ടാമത്തെ പേജ്- മൂന്നു ഭാഗങ്ങളാണ് ഈ പേജില്‍ പൂരിപ്പിക്കേണ്ടത്: വിലാസം, അപേക്ഷകന്റെ കുടുംബ വിശദാംശങ്ങള്‍, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍. ഈ വിവരങ്ങള്‍ നല്കിയ ശേഷം ‘സേവ് ആന്‍ഡ് കണ്ടിന്യൂ’ ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്കു പ്രവേശിക്കുക.
മൂന്നാമത്തെ പേജ്- ഫോട്ടോ അപ്ലോഡ് ചെയ്യുക. ഇതിനു ശേഷം ‘സേവ് ആന്‍ഡ് കണ്ടിന്യൂ’ ക്ലിക് ചെയ്താല്‍ അടുത്ത പേജിലേക്കു പ്രവേശിക്കാം.
നാലാമത്തെ പേജ്- ഈ പേജില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫയല്‍ നമ്പര്‍ എഴുതിയെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ഈ പേജില്‍ ‘ജനറേറ്റ് പിഡിഎഫ്’ എന്ന് ക്ലിക്ക് ചെയ്ത് അപേക്ഷ പിഡിഎഫ് രൂപത്തില്‍ സേവ് ചെയ്യാം. അതിനുശേഷം അതിന്റെ പ്രിന്റ് എടുത്ത് ഉപയോഗിക്കാം.
ഈ പ്രിന്റൗട്ടില്‍ ആവശ്യമായ കാര്യം എഴുതുകയും ഫോട്ടോ പതിപ്പിക്കുകയും ചെയ്ത്, ഒപ്പും വിരലടയാളവും രേഖപ്പെടുത്തിയശേഷം അപേക്ഷാ ഫീസ്, മറ്റു രേഖകള്‍ എന്നിവ സഹിതം എംബസിയില്‍ നേരിട്ടു അപേക്ഷ സമര്‍പ്പിക്കുക. വിവരങ്ങള്‍ക്ക്: www.indianembassyqatar.gov.in.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.