
റിയാദ്: ഇന്ത്യയില്‍ നടപ്പാക്കിയ പാസ്പോര്‍ട്ട് സേവാ പദ്ധതി സൗദി അറേബ്യയിലും നിലവില്‍ വന്നു. പുതിയ പാസ്പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമെല്ലാം ഇനി മുതല്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ നിര്‍ബന്ധമാണ്. ഇതിനു ആദ്യമായി പാസ്പോര്‍ട്ട് സേവയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കണം. ഇതില്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി യൂസര്‍ ഐഡിയും പാസ്വേര്ഡും നേടിയിരിക്കണം. ഇവ ഉപയോഗിച്ച് പാസ്പോര്‍ട്ട് സംബന്ധമായ മുഴുവന്‍ സേവനങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് ഫോട്ടോ പതിച്ച് ആവശ്യമായ രേഖകളും ഫീസും സഹിതം വി.എഫ്.എസ് സെന്ററുകളില്‍ സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്.
അമേരിക്ക, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ സേവനം സൗദി അറേബ്യയിലും ആരംഭിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് എംബസിക്കും കോണ്‍സുലേറ്റിനും കീഴിലുള്ള വി.എഫ്.എസ് സെന്ററുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. പുതിയ സംവിധാനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ റിയാദ് ഇന്ത്യന്‍ എംബസി, ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവയുടെ വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കുന്നതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.