
കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്ദര്‍ശക വിസയിലെത്തുന്ന വിദേശികള്‍ക്ക് നിബന്ധനകളോടെ ഇഖാമ അനുവദിക്കും. രാജ്യത്തെ റെസിഡന്‍സി ചട്ടങ്ങള്‍ പരിഷ്കരിച്ച് ആഭ്യന്തര മന്ത്രി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇളവുള്ളത്. വിസ- ഇഖാമ നിരക്കുകളില്‍ വര്‍ധന ഇല്ലാതെയാണ് റെസിഡന്‍സി ചട്ടങ്ങളിലെ ഭേദഗതി പ്രാബല്യത്തിലായത്.
പരിഷ്കരിച്ച റെസിഡന്‍സി ചട്ടമനുസരിച്ചു ഒരു മാസത്തെ സന്ദര്‍ശന വിസയിലോ, മൂന്നു മാസം കാലാവധിയുള്ള വിനോദ സഞ്ചാര വിസയിലോ എത്തുന്നവര്‍ക്കു ആശ്രിത വിസയിലേക്കു മാറ്റുക വഴി സ്ഥിര താമസം സാധ്യമാകും. സന്ദര്‍ശന വിസയിലെത്തുന്നവരെ ഗാര്‍ഹിക മേഖലയില്‍ തൊഴിലെടുക്കുന്നതിനായും ഇത്തരത്തില്‍ ഇഖാമ മാറ്റാന്‍ അനുവദിക്കും.
തൊഴില്‍വിസയില്‍ കുവൈത്തിലെത്തി ഒരു മാസത്തിനകം ഇഖാമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നവര്‍ക്കും വീണ്ടും സന്ദര്‍ശക വിസയിലെത്തി തൊഴില്‍ വിസയിലേക്ക് മാറാന്‍ കഴിയും. മന്ത്രാലയങ്ങളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്ദര്‍ശക വിസയില്‍ എത്തിയ ഉന്നത വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും ഉള്ളവര്‍ക്കും സ്ഥിരം റെസിഡന്‍സിയിലേക്ക് മാറ്റാം. എന്നാല്‍ ഏതു സാഹചര്യത്തിലും താമസകാര്യ വകുപ്പ് മേധാവിയുടെ വിവേചനാധികാര പ്രകാരമായിരിക്കും അന്തിമ തീരുമാനമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കിയാല്‍ രാജ്യത്തേക്ക് ചികിത്സ തേടി എത്തുന്നവര്‍, സഹായികള്‍ എന്നിവര്‍ക്കും സന്ദര്‍ശന വിസ അനുവദിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.