
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇഖാമ നിയമലംഘനത്തിന് പിഴ ഇരട്ടിയാക്കി. തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിരക്കനുസരിച്ചു ഇഖാമ കാലാവധി കഴിഞ്ഞവര്‍ ഓരോ ദിവസത്തിനും നാല് ദിനാര്‍ വീതം പിഴ നല്‍കണം. വിസ നിരക്ക് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി നിരക്ക് ഇരട്ടിയാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് പുതിയ നടപടി. ഇതിനു പുറമെ ആശ്രിത വിസ സന്ദര്‍ശക വിസ എന്നിവയ്ക്കുള്ള ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശയും മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
ഇഖാമ കാലാവധി അവസാനിച്ചവരില്‍ നിന്ന് പിന്നീടുള്ള ഓരോ ദിവസത്തിനും രണ്ടു ദിനാര്‍ വീതമാണ് നിലവില്‍ പിഴയായി ഈടാക്കുന്നത്. ഇതാണ് നാല് ദിനാര്‍ ആക്കി വര്‍ധിപ്പിച്ചത്. സന്ദര്‍ശക വിസയ്ക്ക് നിലവിലെ മൂന്ന് ദീനാറില്‍നിന്ന് ഒരു മാസത്തേക്ക് 30 ദീനാര്‍, രണ്ടു മാസത്തേക്ക് 60 ദീനാര്‍, മൂന്നു മാസത്തേക്ക് 90 ദീനാര്‍ എന്നിങ്ങനെ വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശ. ആശ്രിത വിസയ്ക്ക് നിലവിലെ 100 ദീനാറില്‍നിന്ന് കനത്ത വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് 300 ദീനാര്‍ വീതം, ഭാര്യക്ക് 200 ദീനാര്‍, മക്കള്‍ക്ക് 150 ദീനാര്‍ വീതം എന്നിങ്ങനെയാണ് നിര്‍ദിഷ്ട നിരക്ക്.
ഇഖാമ പുതുക്കുന്നതിനും താല്‍ക്കാലിക ഇഖാമയ്ക്കും 20 ദീനാര്‍ ഈടാക്കണം. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ നിലവിലുള്ള 10 ദിനാര്‍ പിഴ 20 ദിനാറായും വര്‍ധിപ്പിക്കണം എന്നിവയാണ് പഠന റിപ്പോര്‍ട്ടിലെ മറ്റു നിര്‍ദേശങ്ങള്‍. ഇഖാമ കാലാവധി കഴിഞ്ഞാല്‍ നല്‍കേണ്ട പിഴ ഇരട്ടിയാക്കിയ സാഹചര്യത്തില്‍ ഇതര നിര്‍ദേശങ്ങളും വൈകാതെ നടപ്പിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.