Currency

സ്വകാര്യ മേഖലയിലെ വിദേശികളുടെ ഇഖാമ പുതുക്കല്‍ ഓണ്‍ലൈന്‍ വഴി

സ്വന്തം ലേഖകന്‍Thursday, September 26, 2019 3:32 pm

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വിദേശികളുടെ ഇഖാമ പുതുക്കല്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കും. ഒക്ടോബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ തയാറെടുപ്പ് പുരോഗമിക്കുകയാണ്. ആഭ്യന്തരമന്ത്രാലയം സജ്ജമാക്കുന്ന വെബ്‌സൈറ്റ് വഴിയാകും സൗകര്യം. നിലവില്‍ താമസാനുമതി കാര്യ ഓഫിസുകളിലാണ് ഇഖാമ പുതുക്കുന്നത്.

പുതിയ സംവിധാനം ഓഫിസുകളിലെ തിരക്ക് ഒഴിവാക്കാനും ഗുണഭോക്താവിനുള്ള പ്രയാസം ഇല്ലാതാക്കാനും സഹായിക്കും. വിദേശികള്‍ക്ക് അവരുടെയും ഭാര്യ, മക്കള്‍ തുടങ്ങിയവരുടെയും ഇഖാമ ഓണ്‍ലൈന്‍ വഴി പുതുക്കാനാകും. ഭാര്യ, മക്കള്‍, ഗാര്‍ഹിക തൊഴിലാളി എന്നിവരുടെയും ഇഖാമ പുതുക്കുന്നതിന് ഓട്ടമേറ്റഡ് സര്‍വീസ് നമ്പര്‍ ലഭ്യമാക്കും. രക്ഷിതാക്കള്‍, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് സന്ദര്‍ശക വീസ ഓണ്‍ലൈന്‍ വഴി ലഭിക്കുന്നതിനുള്ള നടപടിയും 2020നകം പ്രാവര്‍ത്തികമാക്കാന്‍ ആലോചനയുണ്ട്.

ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഓണ്‍ലൈന്‍ വഴി പുതുക്കാന്‍ സ്‌പോണ്‍സര്‍മാര്‍ക്ക് നല്‍കിയ സൗകര്യം വിജയകരമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് മുഴുവന്‍ വിദേശികളുടെയും ഇഖാമ പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

രാജ്യം വിവിധ തലങ്ങളില്‍ ഓട്ടോമേഷന്‍ സംവിധാനത്തിലേക്ക് നീങ്ങുന്നതില്‍ സുപ്രധാന പദ്ധതിയാകും വിദേശികളുടെ ഇഖാമ ഓണ്‍ലൈന്‍ വഴി പുതുക്കുന്ന രീതി. പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വിദേശികളുടെയും അവരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കുവൈത്തിലുള്ള ബന്ധുക്കളുടെയും വിവരങ്ങള്‍ മാന്‍പവര്‍ അതോറിറ്റിയുടെ ഡേറ്റാ ശേഖരത്തിലാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x