Currency

ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ എംബസ്സി പ്രത്യേക യോഗം വിളിച്ചു

സ്വന്തം ലേഖകന്‍Friday, November 2, 2018 2:51 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ എംബസ്സി പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കുന്നു. അക്രഡിറ്റേഷന്‍ പ്രശ്നം കാരണം ഇഖാമ പുതുക്കുന്നതിനു പ്രയാസം നേരിടുന്ന എഞ്ചിനീയര്‍മാര്‍ നവംബര്‍ രണ്ട് വെള്ളിയാഴ്ച എംബസ്സി ഓഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കണമെന്നു എംബസ്സി അറിയിച്ചു.

ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന്‍ ഹെഡ് ഡോ നാഗേന്ദ്ര പ്രസാദ് യോഗത്തില്‍ സംബന്ധിക്കുമെന്നു എംബസ്സി അറിയിച്ചു. അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ അനുഭവിക്കുന്ന എന്‍ജിനീര്‍മാരുമായി അദ്ദേഹം സംവദിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അമീറുള്‍പ്പെടെയുള്ള ഉന്നത കുവൈത്ത് അധികാരികളുമായി ഈ വിഷയത്തില്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം യോഗത്തില്‍ പങ്കു വെക്കും.

സുഷമാ സ്വരാജിന്റെ ഔദ്യോഗിക സംഘത്തിലുണ്ടായിരുന്ന ഡോ. നാഗേന്ദ്ര പ്രസാദ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം കുവൈത്തില്‍ തുടരുകയാണ്. ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന കമ്മ്യൂണിറ്റി മീറ്റില്‍ സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. എന്‍ജിനീയര്‍മാരുടെ വിസ പുതുക്കുന്നതിന് കുവൈത്ത് എന്‍ജിനീയേഴ്‌സ് സൊസൈറ്റിയുടെ അനുമതിപത്രം വേണമെന്ന് മാന്‍പവര്‍ അതോറിറ്റി പുതിയ നിബന്ധന വെച്ചതോടെയാണ് നൂറുകണക്കിന് ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ പ്രതിസന്ധിയിലായത്. ഇന്ത്യയില്‍ നിന്നുള്ള എന്‍ജിനീയറിങ് ബിരുദ ധാരികള്‍ക്ക് എന്‍.ഓ.സി നല്‍കാന്‍ നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം വേണമെന്നാണ് എഞ്ചിനീയര്‍സ് സൊസൈറ്റിയുടെ നിലപാട്


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x