Currency

ജെ.ഇ.ഇ പരീക്ഷ: ആധാര്‍ നിര്‍ബന്ധമാക്കിയത് പ്രവാസികളെ വലയ്ക്കുന്നു

സ്വന്തം ലേഖകന്‍Sunday, November 27, 2016 8:58 am

പ്രവാസ ലോകത്ത് പഠിക്കുന്ന ബഹുഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ആധാര്‍ കാര്‍ഡില്ല. ഇതുമൂലം ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 2016 ഡിസംബര്‍ ഒന്ന് മുതല്‍ 2017 ജനുവരി രണ്ട് വരെയാണ് ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കേണ്ടത്.

മനാമ: അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത് പ്രവാസി വിദ്യാര്‍ഥികളെ വലയ്ക്കുന്നു. പ്രവാസ ലോകത്ത് പഠിക്കുന്ന ബഹുഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ആധാര്‍ കാര്‍ഡില്ല. ഇതുമൂലം ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 2016 ഡിസംബര്‍ ഒന്ന് മുതല്‍ 2017 ജനുവരി രണ്ട് വരെയാണ് ജെ.ഇ.ഇ പരീക്ഷക്ക് അപേക്ഷിക്കേണ്ടത്. 2017 ഏപ്രില്‍ രണ്ടിന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് ജനുവരി മൂന്നിനകം ഒടുക്കണം. ഈ വര്‍ഷത്തെ പരീക്ഷക്കുള്ള വിജ്ഞാപനം നവംബറില്‍ പുറത്തിറക്കിയപ്പോഴാണ് അപേക്ഷ സ്വീകരിക്കണമെങ്കില്‍ ആധാര്‍ നിര്‍ബന്ധമാണെന്ന വ്യവസ്ഥ മുന്നോട്ടുവെച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഒന്നുകില്‍ നാട്ടില്‍ പോയി ആധാര്‍ കാര്‍ഡെടുക്കണം അല്ലെങ്കില്‍ ജെ.ഇ.ഇ പരീക്ഷ ഒഴിവാക്കണം എന്ന അവസ്ഥയിലാണ് പ്രവാസ ലോകത്തെ വിദ്യാര്‍ഥികള്‍. പലരും ആധാര്‍ എടുക്കുന്നതിന് മക്കളെ നാട്ടിലേക്ക് അയയ്ക്കാനുള്ള തയാറെടുപ്പിലാണ്. എംബസികള്‍ വഴിയും മറ്റും കേന്ദ്ര സര്‍ക്കാറിന്റൈയും സി.ബി.എസ്.ഇ, ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് എന്നിവയുടെയും മുന്നില്‍ വിഷയം എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

ഈ വര്‍ഷം ജെ.ഇ.ഇ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ആധാര്‍ നമ്പര്‍, ആധാറിലെ പേര്, ജനന തീയതി എന്നിവ നല്‍കേണ്ടതുണ്ട്. അതിനാല്‍ തന്നെ ആധാര്‍ എടുക്കാതെ അപേക്ഷിക്കാന്‍ സാധിക്കില്ല. നിലവിലെ സാഹചര്യത്തില്‍ ആധാര്‍ നമ്പര്‍ ലഭിക്കണമെങ്കില്‍15 ദിവസത്തോളം വേണ്ടി വരും. സാങ്കേതികമായി, ആധാര്‍ കാര്‍ഡ് ലഭിച്ചില്ലെങ്കിലും ഇതിന് തുല്യമായ ഇ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുമാകും. എന്നാല്‍, നാട്ടില്‍ പോയപ്പോള്‍ ആധാറിന് അപേക്ഷിച്ച പല പ്രവാസികള്‍ക്കും ഇപ്പോഴും കാര്‍ഡും ഇ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള നിര്‍ദേശവും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ ഒരു മാസത്തിനുള്ളില്‍ ആധാര്‍ സ്വന്തമാക്കി ജെ.ഇ.ഇക്ക് അപേക്ഷിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള വിവിധ എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം ഐ.ഐ.ടി പ്രവേശത്തിനുള്ള ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ യോഗ്യതാ പരീക്ഷ കൂടിയാണ് ജെ.ഇ.ഇ മെയിന്‍. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജികള്‍, കേന്ദ്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ടെക്, ബി.ആര്‍ക്ക്, ബി പ്‌ളാന്‍ എന്നിവയ്ക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ. അതേസമയം, 2017 മുതല്‍ ജെ.ഇ.ഇ പരീക്ഷയില്‍ റാങ്കുകള്‍ക്ക് 12ാം ക്ലാസ് പരീക്ഷ മാര്‍ക്കുകള്‍ പരിഗണിക്കുന്നില്ല. യോഗ്യത പരീക്ഷയ്ക്ക് പൊതുവിഭാഗത്തില്‍ 12ാം ക്ലാസില്‍ 75 ശതമാനവും പട്ടിക ജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് 65 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x