ഖറാഫി നാഷണൽ കമ്പനിയിൽ ശമ്പളം ലഭിക്കാതെയും ഇഖാമ പുതുക്കാതെയും ദുരിതം പേറുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യൻ എംബസ്സി കുവൈറ്റ് അധികൃതർക്കു കൈമാറി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഖറാഫി നാഷണൽ കമ്പനിയിൽ ശമ്പളം ലഭിക്കാതെയും ഇഖാമ പുതുക്കാതെയും ദുരിതം പേറുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യൻ എംബസ്സി, കുവൈറ്റ് അധികൃതർക്കു കൈമാറി. കുവൈറ്റ് വിദേശമന്ത്രാലയം, തൊഴിൽമന്ത്രാലയം എന്നിവയ്ക്കു സമർപ്പിച്ച പട്ടികയിൽ 2084 തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളാണുള്ളത്.
എംബസിയിൽ നേരിട്ടും ഇ-മെയിൽ/വാട്സാപ് വഴിയും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചു തയ്യാറാക്കിയ പട്ടികയാണു കൈമാറിയിരിക്കുന്നത്. നാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർ, കുവൈത്തിൽ മറ്റെവിടെയെങ്കിലും ജോലി സമ്പാദിച്ച് ഇഖാമാ മാറ്റം ആഗ്രഹിക്കുന്നവർ എന്നിങ്ങനെ തരംതരിച്ചാണു പട്ടിക തയാറാക്കിയത്.
നിലവിൽ അധികൃതർക്കു കൈമാറിയ പട്ടികയിൽ ഉൾപ്പെടാത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ശ്രമങ്ങളും എംബസ്സി തുടരുന്നുണ്ട്. നേരത്തെ കമ്പനിയുടെ ലേബർ ക്യാംമ്പുകളിൽ നേരിട്ടെത്തി പട്ടിക പൂർത്തീകരണത്തിന് എംബസി ശ്രമം നടത്തിയെങ്കിലും കമ്പനി അനുകൂല നിലപാടെടുക്കാത്തതിനാൽ വിജയിച്ചിരുന്നില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.