വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്റെ മൂന്നാം ദിനത്തില്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് എന്നിവരുടെ സാന്നിധ്യത്തിലാണ് കമലയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. ജോ ബൈഡനാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.
ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു സംസാരിച്ച കമല ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു. രോഗങ്ങളുടേയും തൊഴിലില്ലായ്മയുടേയും നാടായി അമേരിക്ക മാറിയെന്ന് കമല കുറ്റപ്പെടുത്തി. ചരിത്രം തിരുത്താനുള്ള അവസരമാണിതെന്നും അമേരിക്കയിലെ നിലവിലെ ആപത്തുകളില്‍ നിന്നും രക്ഷിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വിനിയോഗിക്കണമെന്നും കമല പറഞ്ഞു.
അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയാണ് കമലാ ഹാരിസ്. കമലയുടെ മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറി താമസിച്ചവരാണ്. പിതാവ് ജമൈക സ്വദേശിയും മാതാവ് ഇന്ത്യന്‍ വംശജയുമാണ്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമലാ ഹാരിസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.