വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ജോ ബൈഡനും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും നാളെ അധികാരമേല്‍ക്കും. അക്രമ സാധ്യത മുന്നില്‍ കണ്ടു അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിംഗ്ടണില്‍ ഒരുക്കിയിരിക്കുന്നത്. ഡോണള്‍ഡ് ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള പത്തോളം ഉത്തരവുകള്‍ അധികാരമേറ്റെടുത്ത ആദ്യ ദിവസം തന്നെ പുറപ്പെടുവിക്കുമെന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കിയിട്ടുണ്ട്. ചില മുസ്ലിം രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്ര വിലക്കും നിര്‍ത്തലാക്കും.
കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോള്‍ അമേരിക്കയുടെ ചരിത്ര താളുകളില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെടുന്നുവെന്നു മാത്രമല്ല ഇന്ത്യന്‍ വംശജര്‍ക്കു അഭിമാന മുഹൂര്‍ത്തം കൂടി സമ്മാനിക്കുന്നു. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യക്കാരി, ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരി, ആദ്യത്തെ ഇന്ത്യന്‍- അമേരിക്കന്‍ വംശജ എന്നീ നേട്ടങ്ങളാണ് കമലാ ഹാരിസ് ഇതോടെ കൈവരികുന്നത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെ അമ്മയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് കമലാ ഹാരിസ് രംഗത്തെത്തിയത്.
‘ഇന്ന് എന്റെ സാന്നിധ്യത്തിന് ഉത്തരവാദിയായ സ്ത്രീയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, എന്റെ അമ്മ ശ്യാമള ഗോപാലന് ഹാരിസ്. 19ാം വയസ്സില്‍ ഇന്ത്യയില്‍ നിന്ന് ഇവിടെയെത്തിയപ്പോള്‍ ഒരിക്കല്‍പ്പോലും അവര്‍ ഈ നിമിഷം സങ്കല്‍പ്പിച്ചിരിക്കില്ല. പക്ഷേ അമേരിക്കയില്‍ ഇതുപോലുള്ള നിമിഷം സാധ്യമാകുമെന്ന് അവര്‍ വളരെ ആഴത്തില്‍ വിശ്വസിച്ചു’ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്.
ജോ ബൈഡനൊപ്പം യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പ്രസംഗത്തിലാണ് കമല ഹാരിസ് തന്റെ ഇന്ത്യന്‍ വേരുകളെക്കുറിച്ചും പരാമര്‍ശിക്കുകയും തമിഴ്നാട്ടിലേക്കുള്ള അവളുടെ ബാല്യകാല യാത്രകളെക്കുറിച്ചും തുറന്ന് സംസാരിച്ചത്. തന്റെ ആന്റിമാരില്‍ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും കമല പരാമര്‍ശിച്ചു. കമലാ ഹാരിസിന്റെ ഉജ്ജ്വല വിജയത്തിന് ആശംസകളര്‍പ്പിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. നിങ്ങളുടെ ആന്റിമാര്‍ക്ക് മാത്രമല്ല എല്ലാ ഇന്ത്യന്‍- അമേരിക്കക്കാര്‍ക്കും വളരെയധികം അഭിമാനിക്കാനുള്ള നിമിഷമാണെന്നും അദ്ദേഹം കുറിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.