Currency

കര്‍ണാടക ആര്‍.ടി.സി കേരളത്തിലേക്ക് 14 പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Saturday, January 7, 2017 2:30 pm

ബംഗളൂരു: റിപ്പബ്ലിക്ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കര്‍ണാടക ആര്‍.ടി.സി. കേരളത്തിലേക്ക് 14 പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചു. തിരക്ക് കൂടുതലുള്ള 25നാണ് പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ചത്. തിരക്കനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി. കേരള ഓഫീസര്‍ ഇന്‍ ചാര്‍ജ് ജി. പ്രശാന്ത് പറഞ്ഞു. 25ന് കേരളത്തിലേക്കുള്ള പതിവ് സര്‍വീസുകളിലെല്ലാം ടിക്കറ്റ് തീര്‍ന്നിരിക്കുകയാണ്. റിപ്പബ്ലിക് ദിനം വ്യാഴാഴ്ചയായതിനാല്‍ വെള്ളിയാഴ്ച ഒരുദിവസം അവധിയെടുത്താല്‍ നാലുദിവസം അടുപ്പിച്ച് അവധി ലഭിക്കുന്നതിനാല്‍ നിരവധി പേരാണ് നാട്ടിലേക്ക് പോകുന്നത്. മുന്‍വര്‍ഷങ്ങളിലും യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി. കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു.

എറണാകുളം (മള്‍ട്ടി ആക്‌സില്‍ വോള്‍വോ2, ടിക്കറ്റ് 1480 രൂപ), കോട്ടയം (ഐരാവത് വോള്‍വോ2, ടിക്കറ്റ ്1410), തൃശ്ശൂര്‍ (ഐരാവത് വോള്‍വോ2, ടിക്കറ്റ് 1300), പാലക്കാട് (മള്‍ട്ടി ആക്‌സില്‍ വോള്‍വോ2, ടിക്കറ്റ് 1200), കോഴിക്കോട് (ഐരാവത് വോള്‍വോ2, ടിക്കറ്റ് 1060), കണ്ണൂര്‍ (ഐരാവത് വോള്‍വോ2, ടിക്കറ്റ് 690), മൈസൂരുവില്‍ നിന്ന് എറണാകുളത്തേക്ക് 2 ഐരാവത് വോള്‍വോ എന്നിങ്ങനെയാണ് ബസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരുവില്‍നിന്നുള്ള ബസുകള്‍ രാത്രി 7.30നുശേഷം ശാന്തിനഗര്‍ സ്റ്റാന്‍ഡില്‍ നിന്നായിരിക്കും പുറപ്പെടുക.

കേരള ആര്‍.ടി.സി. ഉത്സവകാലങ്ങളില്‍ വൈകി പ്രത്യേക ബസുകള്‍ പ്രഖ്യാപിക്കുന്നതിനാല്‍ യാത്രക്കാര്‍ കൂടുതലായി കര്‍ണാടക ആര്‍.ടി.സി.യെ ആശ്രയിക്കുകയാണ്. ഉത്സവകാലങ്ങളില്‍ കേരള ആര്‍.ടി.സി. പ്രത്യേക സര്‍വീസുകള്‍ വൈകിയാണ് പ്രഖ്യാപിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഇത്തവണയെങ്കിലും അവധിക്ക് പത്തുദിവസം മുമ്പെങ്കിലും പ്രത്യേക ബസുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ട്രെയിനുകളിലും കേരള, കര്‍ണാടക ആര്‍.ടി.സി. ബസുകളിലും ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് അമിത നിരക്കില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടിവരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x