
കുവൈത്ത് സിറ്റി: വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവര്‍ക്ക് കുവൈറ്റില്‍ 5000 ദീനാര്‍ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയാണ് ഫാല്‍ക്കണുകള്‍ ഉള്‍പ്പെടെയുള്ള ജീവികളെ വേട്ടയാടുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയത്. തണുപ്പുകാലം ആരംഭിക്കുന്നതോടെ അപൂര്‍വയിനം ദേശാടനപ്പക്ഷികളും ഫാല്‍ക്കണുകളും കുവൈത്തില്‍ എത്തിത്തുടങ്ങും.
ഈ അവസരം മുതലെടുത്ത് ഇവയെ വേട്ടയാടിപ്പിടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് അധികൃതരുടെ മുന്നറിയിപ്പ്. ഫാല്‍ക്കണുകള്‍ ഉള്‍പ്പെടെയുള്ള ജീവിവര്‍ഗങ്ങളെ വേട്ടയാടുക, കൊല്ലുക, അനധികൃതമായി കൈവശം വെക്കുക, ജീവനോടെയോ അല്ലാതെയോ ഇത്തരം ജീവികളെ മറ്റു രാജ്യങ്ങളിലേക്ക് കടത്തുക, ഇത്തരം ജീവികളുടെ കുഞ്ഞുങ്ങള്‍, മുട്ട ആവാസ വ്യവസ്ഥ എന്നിവക്ക് കേടുവരുത്തുക എന്നിവയെല്ലാം വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമായി കണക്കാക്കുമെന്നും നിയമ ലംഘകരില്‍നിന്ന് 5000 ദീനാര്‍ വരെ പിഴ ഈടാക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.
പരിസ്ഥിതി വകുപ്പ് അനുവദിച്ച പ്രത്യേക കാലാവസ്ഥയിലും സ്ഥലങ്ങളിലും നിന്ന് വംശനാശ ഭീഷണിയില്ലാത്ത ജീവികളെ പിടികൂടുന്നതില്‍ പ്രശ്നങ്ങളില്ല. അതുപോലെ, ചില ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കു വേണ്ടി ബന്ധപ്പെട്ട വകുപ്പിന്റെ സമ്മതത്തോടെ ഇത്തരം പക്ഷികളെയോ വന്യമൃഗങ്ങളെയോ പിടികൂടുന്നതിലും നിയമതടസ്സങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.