Currency

മലയാളികള്‍ക്ക് അഭിമാനിക്കാം; ഹൂസ്റ്റണില്‍ കെ.പി. ജോര്‍ജിനും ജൂലി മാത്യുവിനും വിജയം

സ്വന്തം ലേഖകന്‍Thursday, November 8, 2018 1:07 pm

ഹൂസ്റ്റണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കയിലെ മലയാളി സമൂഹത്തിന് അഭിമാനം പകര്‍ന്നു കൊണ്ട് ഹൂസ്റ്റണില്‍ രണ്ട് മലയാളി സ്ഥാനാര്‍ഥികള്‍ക്ക് അട്ടിമറി വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച കെ.പി.ജോര്‍ജും, ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ജൂലി മാത്യുവുമാണ് ഇന്ത്യന്‍ സമൂഹത്തിന് അഭിമാനം പകര്‍ന്നു കൊണ്ട് വിജയിച്ചത്. പോള്‍ ചെയ്ത 233,307 വോട്ടുകളില്‍ 51.37 ശതമമാനം വോട്ടുകള്‍ (119,848) നേടിയാണ് ജോര്‍ജ് ജയിച്ചത്. പോള്‍ ചെയ്ത 249,045 വോട്ടില്‍ 53.29 ശതമാനം വോട്ടുകള്‍ (132,715) നേടിയാണ് ജൂലി വിജയം നേടിയത്.

ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടിയുടെ മുഖ്യഭരണ ചുമതല നിര്‍വഹിക്കുന്ന കൗണ്ടി ജഡ്ജി പദവിയിലക്കാണ് ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 15 വര്‍ഷമായി നിലവിലുള്ള ജഡ്ജിയും റിപ്പബ്ലിക്കനുമായ റോബര്‍ട്ട് ഹെര്‍ബര്‍ട്ടിനെയാണ് പൊതുതെരഞ്ഞെടുപ്പില്‍ ജോര്‍ജ് പരാജയപ്പെടുത്തിയത്. അതേസമയം, കൗണ്ടിയിലെ കോടതി വ്യവഹാര നിര്‍വഹണം നടത്തുന്ന ആറു ജഡ്ജിമാരിലൊരാളായാണ് ജൂലി മാത്യു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രിഷ കെനക്കിനെയെയാണ് ജൂലി തോല്‍പിച്ചത്.

റിപ്പബ്ലിക്കന്‍ കോട്ട എന്ന എന്നറിയപ്പെടുന്ന ടെക്സസില്‍ മലയാളികളും ഇന്ത്യന്‍ സമൂഹവും തിങ്ങിപ്പാര്‍ക്കുന്ന ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടി മേഖലയില്‍ മലയാളി സ്ഥാനാര്‍ഥികള്‍ക്ക് അഭിമാനകരമായ വിജയം നേടാനായത് ഇന്ത്യന്‍ സമൂഹത്തിനും മലയാളികള്‍ക്കും വലിയ നേട്ടം തന്നെയാണ്. കൗണ്ടയിലെ വോട്ടര്‍മാര്‍ നല്‍കിയ പിന്തുണയ്ക്ക് ജോര്‍ജും ജൂലിയും അകമഴിഞ്ഞ നന്ദി അറിയിച്ചു. വോട്ടര്‍മാരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കുവാന്‍ പരമാവധി പരിശ്രമിക്കുമെന്നും ഇരുവരും പറഞ്ഞു.

ജോര്‍ജ് പത്തനംതിട്ട സ്വദേശിയാണ്. 1999 മുതല്‍ ഹൂസ്റ്റണ്‍ നിവാസിയാണ്. ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് സാമൂഹ്യക്ഷേമ രംഗത്ത് സജീവമാണ്. ഫോര്‍ട്ട്ബെന്‍ഡ് ഐ.എസ്.ഡി പേരന്റ്സ് അഡൈ്വസറി ടീമില്‍ അംഗമായ ജോര്‍ജ് 2013 ല്‍ സ്ഥാപിതമായ ഹൈടവര്‍ ഹൈസ്‌കൂള്‍ അക്കാഡമീസ് ബൂസ്റ്റര്‍ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്. ജോര്‍ജിന്റെ ഭാര്യ ഷീബ അധ്യാപികയാണ്. മക്കള്‍: രോഹിത്, ഹെലന്‍, സ്നേഹ.

ഫോര്‍ട്ട്ബെന്‍ഡ് കൗണ്ടിയില്‍ 2002 മുതല്‍ താമസിക്കുന്ന ജൂലി മാത്യുവിനെ അടുത്തയിടെ അര്‍ക്കോളയില്‍ അസോസിയേറ്റ് മുനിസിപ്പല്‍ ജഡ്ജിയായി നിയമച്ചിരുന്നു. 14 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി ഫോര്‍ട്ട്ബെന്‍ഡില്‍ മാത്രമല്ല സമീപത്തുള്ള ഹാരിസ്, മോണ്ട്ഗോമറി, ഗാല്‍വസ്റ്റണ്‍, ബ്രസോറിയ തുടങ്ങിയ കൗണ്ടികളിലും കേസുകള്‍ കൈകാര്യം ചെയ്യുന്നു. ഭര്‍ത്താവ് ജിമ്മിക്കും മക്കളായ അലീന, അവ, സോഫിയ എന്നിവര്‍ക്കുമൊപ്പം ഫസ്റ്റ് കോളനി മേഖലയിലാണ് ജൂലി താമസിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x