Currency

യാത്രമുടക്കി പ്രളയം; നാട്ടിലെത്താനാകാതെ പ്രവാസികള്‍ പ്രതിസന്ധിയില്‍

സ്വന്തം ലേഖകന്‍Friday, August 17, 2018 2:42 pm

കുവൈത്ത് സിറ്റി: വിമാനത്താവളം അടച്ചിട്ടതിനാല്‍ കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പ്രതിസന്ധിയിലായി. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് കുവൈത്ത് എയര്‍വെയ്‌സ് മാത്രമാണ് നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്. രണ്ട് വിമാനങ്ങളിലുമായി ബുധനാഴ്ച കൊച്ചിയിലേക്കു പോകേണ്ടിയിരുന്ന ഇരുനൂറോളം പേരുടെ യാത്ര മുടങ്ങി. ഇന്നലെയും അതുതന്നെയായിരുന്നു സ്ഥിതി.

നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നതുവരെ ഈ അവസ്ഥ തുടരും. കൊച്ചി വിമാനം റദ്ദാക്കിയപ്പോള്‍ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് റീ-റൂട്ട് ചെയ്തുകൊടുക്കാനും കുവൈത്ത് എയര്‍വേയ്‌സ് സന്നദ്ധമാകുന്നില്ല. അവധിക്കാലം ആയതിനാല്‍ ഏതുവിമാനത്തിലും സീറ്റ് ഒഴിവില്ല എന്നതാണ് റീ-റൂട്ട് നല്‍കാതിരിക്കാന്‍ പറയുന്ന കാരണം. ഫീസ് ഈടാക്കാതെ ടിക്കറ്റ് തുക തിരിച്ചുനല്‍കാമെന്ന് മാത്രമാണ് കുവൈത്ത് എയര്‍വെയ്‌സ് അധികൃതരുടെ നിലപാട്.

തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ റീ-റൂട്ട് ചെയ്തുനല്‍കാമെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചിയില്‍ പോകേണ്ടവര്‍ ബംഗളൂരു, ചെന്നൈ തുടങ്ങിയിടങ്ങളില്‍ എത്തിപ്പെട്ടാല്‍ തുടര്‍യാത്രയുടെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കുന്നുമില്ല. കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഉണ്ടെങ്കിലും സീറ്റൊഴിവില്ല. കണക്ഷന്‍ സര്‍വീസ് ഉപയോഗിച്ച് ഏതെങ്കിലും വിമാനത്തില്‍ കോഴിക്കോട്ടേക്കോ മംഗളൂരുവിലേക്കോ തിരുവനന്തപുരത്തേക്കോ പോകാമെന്നുവച്ചാലും ഒരു വിമാനത്തിലും സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x