
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വേണ്ടി സര്‍വീസ് നടത്താന്‍ വിമാനക്കമ്പനികള്‍ക്കു അനുമതി നല്‍കണമെന്ന് മന്ത്രിസഭ നിര്‍ദേശം നല്‍കി. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭയോഗമാണ് വ്യോമയാനവകുപ്പിന് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. എല്ലാ വിമാനകമ്പനികള്‍ക്കും കുവൈത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ക്കു അനുമതി നല്‍കണമെന്നാണ് നിര്‍ദേശം. അതേസമയം വിദേശരാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്കുള്ള സര്‍വീസ് വിലക്ക് തുടരും.
കോവിഡ് നിയന്ത്രണങ്ങള്‍ മൂലം കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് കുവൈത്ത് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം. രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയാലുള്ള പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാനും ആവശ്യമായി വന്നാല്‍ പൂര്‍ണ കര്‍ഫ്യൂ നടപ്പാക്കാനുള്ള കര്‍മപദ്ധതി തയാറാക്കാനും പ്രത്യേക സമിതിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന കരാര്‍ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും വീഴ്ച വരുത്തുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മന്ത്രിസഭ നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.