
കുവൈത്ത് സിറ്റി: ജനറിക് മരുന്നുകള്‍ വാങ്ങാനും വില്‍ക്കാനും ഇതാദ്യമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. രാജ്യത്ത് മരുന്നുവില കാര്യമായി കുറയാന്‍ കാരണമാവുന്ന തീരുമാനമാണിത്. ബ്രാന്‍ഡഡ് മരുന്നിന് പകരമായി അളവിലും നല്‍കുന്ന രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാതെ ഇറക്കുന്ന മരുന്നുകളാണ് ജനറിക് മരുന്ന്. നിറത്തിലും രൂപത്തിലും വ്യത്യാസം ഉണ്ടാവുമെങ്കിലും കെമിക്കല്‍ ഉള്ളടക്കത്തില്‍ വ്യത്യാസമുണ്ടാവില്ല. ബ്രാന്‍ഡ് മരുന്നുകളുടെ പത്തിലൊന്ന് വില മാത്രമാണ് പലപ്പോഴും ജനറിക് മരുന്നുകള്‍ക്ക് ഉണ്ടാവാറുള്ളത്.
ഇവ സര്‍ക്കാറിന്റെ നിയന്ത്രണത്തിനു വിധേയമായാണ് വിപണനം ചെയ്യപ്പെടുകയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന് നിയന്ത്രണ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ പറഞ്ഞു. മരുന്ന് വികസിപ്പിച്ചെടുത്ത കമ്പനിയുടെ പേറ്റന്റ് സംരക്ഷണ കാലാവധി അവസാനിക്കുമ്പോഴാണ് ഇതേ ഉള്ളടക്കവുമായി ജനറിക് മരുന്നുകള്‍ വിപണിയിലെത്തുന്നത്. തുടര്‍ന്ന് മത്സരം മൂലം മരുന്നുകളുടെ വില പെട്ടെന്ന് കുറയാന്‍ കാരണമാകും. ഡോക്ടര്‍മാര്‍ മരുന്നു കുറിക്കുമ്പോള്‍ രസതന്ത്രനാമം മാത്രം എഴുതണമെന്നും ട്രേഡ് നാമം എഴുതരുതെന്നും അബ്ദുല്ല ബദര്‍ നിര്‍ദേശിച്ചു. എന്നാലേ ജനറിക് മരുന്നുകള്‍ ഫാര്‍മസികളില്‍നിന്ന് നല്‍കാന്‍ സാധിക്കൂ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.