
കുവൈത്ത്‌സിറ്റി: വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ. മുഹമ്മദ് അല്‍ ഹാഷെല്‍ വ്യക്തമാക്കി. മാത്രവുമല്ല നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ബാങ്ക് പ്രത്യേക പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്ണയിതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി റെമിറ്റന്‍സ് നികുതി ഏര്‍പ്പെടുത്തുന്ന് സമ്പദ്ഘടനയില്‍ വിപരീത ഫലങ്ങള്‍ ഉളവാക്കുമെന്നാണ് ബാങ്കിന്റെ വിലയിരുത്തലെന്നും ധനമന്ത്രി സാലിഹിനയച്ച കത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
നികുതി നിര്‍ദേശം നടപ്പാക്കിയാല്‍ അനധികൃത മാര്‍ഗങ്ങളിലൂടെയുള്ള പണമിടപാടുകള്‍ വര്‍ധിക്കുകയും കറന്‍സി നിരക്കുകള്‍ ക്രമരഹിതമാകുകയും സാമ്പത്തിക വിപണിയില്‍ അസ്ഥിരത ഉണ്ടാകുകയും ചെയ്യും. ഇതോടൊപ്പം ഇറക്കുമതി ചെലവ് വര്‍ദ്ധിക്കുക വഴി വിലക്കയറ്റത്തിനും കാരണമാകുകയും ഫലത്തില്‍ നികുതി ഭാരം പരോക്ഷമായി സ്വദേശികള്‍ കൂടി അനുഭവിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന രീതിയിലാകണം സാമ്പത്തിക സമവാക്യം രൂപപ്പെടുത്തേണ്ടതെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. കുവൈത്ത് മണി എക്‌സ്‌ചേഞ്ച് അസോസിയേഷനും വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് വിപരീതഫലം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.