Currency

ബാങ്ക് വായ്പ്പ: കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നടപ്പാക്കിയ പരിഷ്‌കരണങ്ങള്‍ ഉടന്‍ പ്രാപല്യത്തില്‍

സ്വന്തം ലേഖകന്‍Tuesday, November 13, 2018 1:01 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ബാങ്ക് വായ്പകള്‍ സംബന്ധിച്ച ചട്ടങ്ങളില്‍ സെന്‍ട്രല്‍ ബാങ്ക് നടപ്പാക്കിയ പരിഷ്‌കരണം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാകും. പുതിയ വായ്പാനയത്തില്‍ കണ്‍സ്യൂമര്‍ ലോണ്‍, ഭാവന വായ്പ എന്നിവയുടെ പരിധി ഉയര്‍ത്തിയത് ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഒരു വ്യക്തിയുടെ മാസശമ്പളത്തിന്റെ 25 മടങ്ങു വരെ ഉപഭോക്തൃ വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നു എന്നതാണ് പുതുക്കിയ ചട്ടങ്ങളില്‍ പ്രധാനപ്പെട്ടത്. ഉപഭോക്തൃ വായ്പയായി അനുവദിക്കാവുന്ന പരമാവധി തുക 25000 ആയി ഉയര്‍ത്തിയിട്ടുമുണ്ട്. ഭവന വായ്പകളില്‍ ഈ പരിധി 75000 ദിനാര്‍ ആയിരിക്കും.

രണ്ടു ഇനങ്ങളിലും കൂടി ഒരു ഉപഭോക്താവിന് 95000 ദിനാറില്‍ കൂടുതല്‍ വായ്പ അനുവദിക്കരുതെന്നും ചട്ടത്തില്‍ പറയുന്നു. വായ്പ അനുവദിക്കുന്നതിന് മുന്‍പ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അപേക്ഷകന്റെ സാമ്പത്തിക പശ്ചാത്തലവും ബാധ്യതകളും സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിക്കുന്നു.

വായ്പയുടെ ആവശ്യകത, അപേക്ഷയില്‍ പറയുന്ന ആവശ്യത്തിന് തന്നെയാണോ പണം വിനിയോഗിക്കുന്നത് തുടങ്ങിയ കാര്യങ്ങളും ഉറപ്പ് വരുത്തണം. ഇതോടൊപ്പം വായ്പാ തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അപേക്ഷകനെ ബോധ്യപ്പെടുത്തുകയും വേണം. ഭവന വായ്പകള്‍ എടുക്കുന്നവര്‍ പണം അതെ ആവശ്യത്തിനാണ് ചെലവഴിച്ചത് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വരും. എന്നാല്‍ ഉപഭോക്തൃവായ്പകളില്‍ ഇന്‍വോയിസ് ഹാജരാക്കേണ്ടതില്ലെന്നും പരിഷ്‌കരിച്ച വായ്പാ ചട്ടത്തില്‍ പറയുന്നു.

കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കും ഇസ്ലാമിക് ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ ചട്ടങ്ങള്‍ ബാധകമാണ്. ബുധനാഴ്ച മുതല്‍ പുതിയ വായ്പാനയം പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ബാങ്ക് കണ്‍ട്രോള്‍ സെക്ടര്‍ സി.ഇ.ഒ വലീദ് അല്‍ അവാദി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x