Currency

കുവൈത്തില്‍ സന്നദ്ധ സംഘടനകള്‍ക്കുള്ള പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കുന്നു

സ്വന്തം ലേഖകന്‍Sunday, March 3, 2019 12:00 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ സന്നദ്ധ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കുള്ള പെരുമാറ്റച്ചട്ടം പരിഷ്‌കരിക്കുന്നു. തീവ്രവാദ സംഘങ്ങള്‍ക്ക് പണമെത്തുന്നത് തടയാനാണ് ചാരിറ്റി സംഘടനകള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തുന്നത്. പുതിയ നിയമ നിര്‍മാണം സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റ് സമിതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കരടുനിയമത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ച ശേഷം മന്ത്രിസഭയുടെ പരിഗണനക്ക് വിടും.

സന്നദ്ധ മേഖലകളിലെ പ്രവര്‍നങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം ഉറപ്പാക്കുന്ന വിധത്തിലായിരിക്കും പുതിയ നിയമമെന്ന് തൊഴില്‍- സാമൂഹികക്ഷേമകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യക്ഷേമ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ സംഘടനകള്‍ക്ക് മാത്രമാണ് ധനസമാഹരണത്തിനു അനുമതിയുള്ളത്. മന്ത്രാലയം നല്‍കിയ പ്രത്യേക അനുമതി കാര്‍ഡ് കൈവശമില്ലാതെ പണപ്പിരിവ് നടത്തുന്നത് നിയമലംഘനമാണ്.

കെ. നെറ്റ് വഴിയോ ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളില്‍നിന്ന് പണം നേരിട്ട് സ്വീകരിക്കാന്‍ പാടില്ല. അനുമതിയില്ലാതെ പള്ളികള്‍, ഷോപ്പിങ് കോംപ്ലെക്‌സുകള്‍ എന്നിവിടങ്ങളില്‍ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x