
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശി കുടുംബങ്ങള്‍ക്ക് രണ്ട് ഗാര്‍ഹിക തൊഴിലാളികളെ മാത്രമേ അനുവദിക്കാവൂ എന്ന് നിര്‍ദേശം. റെസിഡന്‍സി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ആദ്യത്തെ ഗാര്‍ഹിക തൊഴിലാളിക്ക് 100 ദീനാറും രണ്ടാമത്തെ തൊഴിലാളിക്ക് 300 ദീനാറും വിസ ഫീസ് ഈടാക്കണമെന്നും റെസിഡന്‍സി നിയമത്തില്‍ നിര്‍ദേശമുണ്ട്.
കുടുംബാംഗങ്ങളുടെ പ്രായം, രോഗം, തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് കൂടുതല്‍ തൊഴിലാളികളെ അനുവദിക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് തീരുമാനമെടുക്കാം. ഇത്തരം സാഹചര്യങ്ങളില്‍ മൂന്നാമതൊരു തൊഴിലാളിക്കു വിസ അടിക്കണമെങ്കില്‍ 400 ദീനാര്‍ ഫീ നല്‍കണം. ഏഴ് അംഗങ്ങളുള്ള കുവൈത്തി കുടുംബത്തിന് പരമാവധി മൂന്ന് ഗാര്‍ഹിക തൊഴിലാളികളെ മാത്രമേ കൊണ്ടുവരാന്‍ അനുവദിക്കൂ.
ഏഴില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കു നാല് ഗാര്‍ഹിക തൊഴിലാളികളെ വരെ കൊണ്ടുവരാം. അതേസമയം കുടുംബത്തില്‍ ഭിന്നശേഷിക്കാരായ ആളുകളുണ്ടെങ്കില്‍ അവര്‍ക്ക് പ്രത്യേകം സഹായിയെ അനുവദിക്കും. ഇതിനായി ഭിന്നശേഷിയുള്ളവരാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.