Currency

വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ്​ നിയമങ്ങളില്‍ ഭേദഗതിയുമായി കുവൈറ്റ്

സ്വന്തം ലേഖകൻSunday, June 18, 2017 3:03 pm

ഭേദഗതി നിർദേശം പ്രകാരം പുതുതായി ലൈസൻസ്​ എടുക്കുന്നതിനുള്ള ഫീസ്​ 500 ദീനാറായും പുതുക്കുന്നതിനുള്ള ഫീസ് 50 ദീനാറായും വർധിക്കും.

കുവൈറ്റ് സിറ്റി: സേവന ഫീസുകൾ കുത്തനെ വർധിപ്പിക്കുന്നതടക്കം വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ വൻ പരിഷ്കരണത്തിനു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നതായി റിപ്പോർട്ട്. വിദേശികൾക്ക് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ഗതാഗതമേഖലയുമായി ബന്ധപ്പെട്ടു ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് ഭേദഗതി  ഫത്വ നിയമ നിർമാണ ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.

ഭേദഗതി നിർദേശം പ്രകാരം പുതുതായി ലൈസൻസ് എടുക്കുന്നതിനുള്ള ഫീസ് 500 ദീനാറായും പുതുക്കുന്നതിനുള്ള ഫീസ് 50 ദീനാറായും വർധിക്കും. നിലവിൽ പുതിയ ലൈസൻസിനു 10 ദീനാറും പുതുക്കുന്നതിന് ഓരോ വർഷത്തേക്ക് ഒരു ദീനാർ വീതവുമാണ് വിദേശികളിൽനിന്ന് ഈടാക്കുന്നത്. വാഹന പെർമിറ്റ് എടുക്കുന്നതിന്റെ ഫീസ് 300 ദീനാറായും പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 100 ദീനാറായും ഉയർത്താനും നിർദേശമുണ്ട്. 

അതിവേഗപാതയിലൂടെ വാഹനമോടിക്കുന്നതിന് നികുതി ഏർപ്പെടുത്തുക, പുതുതായി ടാക്സി ലൈസൻസ് അനുവദിക്കാതിരിക്കുക , റോഡുകളിലെ സ്ഥിതിഗതികൾ അപ്പപ്പോൾ ആളുകൾക്ക് ലഭ്യമാക്കുന്നതിന് പ്രത്യേക ട്രാഫിക് ചാനൽ ആരംഭിക്കുക എന്നിവയാണ് മറ്റു പ്രധാന നിർദേശങ്ങൾ. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x