Currency

പട്ടിണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് എട്ടാമത്

സ്വന്തം ലേഖകന്‍Sunday, October 14, 2018 11:28 am

കുവൈത്ത് സിറ്റി: ലോകത്ത് പട്ടിണി കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് എട്ടാമത്. അറബ് തലത്തില്‍ കുവൈത്താണ് ഒന്നാമത്. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ ഗവേഷണ സ്ഥാപനം തയാറാക്കിയ 15 രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്ത് ഉള്‍പ്പെട്ടത്. കുട്ടികള്‍ക്കിടയിലെ പോഷകാഹാര കുറവ്, അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ മരണ നിരക്ക് എന്നീ ഘടകങ്ങള്‍ പരിശോധിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പട്ടിക തയാറാക്കിയത്.

അറബ് തലത്തില്‍ കുവൈത്തിന് പിന്നില്‍ തുനീഷ്യയാണ് രണ്ടാം സ്ഥാനത്ത്. ലോകതലത്തില്‍ ഇക്കാര്യത്തില്‍ തുനീഷ്യക്ക് 28ാം സ്ഥാനമാണുള്ളത്. സൗദിയാണ് അറബ് രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്ത്. ലോകതലത്തില്‍ സൗദിയുടെ സ്ഥാനം 31 ആണ്. അല്‍ജീരിയ, മൊറോക്കോ, ഒമാന്‍, ജോര്‍ഡന്‍, ഈജിപ്ത്, ഇറാഖ്, എന്നീ രാജ്യങ്ങളാണ് അറബ് മേഖലയില്‍ താരതമ്യേന പട്ടിണി കുറഞ്ഞ മറ്റു രാജ്യങ്ങള്‍. മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് കുട്ടികളില്‍ പോഷകാഹാരക്കുറവും പട്ടിണിയും കൂടുതല്‍. മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഛാദ് എന്നിവ പട്ടിണി രാജ്യങ്ങളാണ്.

കുവൈത്തില്‍ 2.5 ശതമാനത്തിലും കുറവാണ് ഭക്ഷ്യക്കമ്മി രേഖപ്പെടുത്തിയത്. അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കിടയിലെ പോഷകാഹാരത്തിന്റെ കുറവ് കുവൈത്തില്‍ 3.1 ശതമാനമാണ്. ഈ പ്രായത്തില്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം കുവൈത്തില്‍ 0.8 ശതമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x