
കുവൈറ്റ് സിറ്റി: കുവൈറ്റിൽ സ്വദേശിവത്കരണം ഏർപ്പെടുത്തി വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നുവെന്ന മട്ടിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് സർക്കാർ. ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനായുള്ള ശ്രമങ്ങൾ അവിദഗ്ദ്ധരെയും കാര്യക്ഷമത കുറഞ്ഞവരെയും മാത്രം ബാധിക്കാവുന്ന വിഷയമാണെന്ന് ക്യാബിനറ്റ്കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹ് പറഞ്ഞു.
വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട ഏതു നടപടിയും രാജ്യത്തു നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും കൈക്കൊള്ളുക. എല്ലാ മാനുഷിക വശങ്ങളും പരിഗണിക്കും. ജനസംഖ്യാ അസന്തുലനം രാജ്യതാൽപ്പര്യത്തിനനുസരിച്ചു പരിഹരിക്കുന്നതിനുള്ള നിർദേശം സമർപ്പിക്കാനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ നിലപാട് പാർലിമെന്റിൽ ചർച്ച ചെയ്തു മാത്രമേ അംഗീകരിക്കുകയുള്ളൂ – മന്ത്രി വ്യക്തമാക്കി.
അതിനിടെ, രാജ്യത്തെ വർധിച്ച വിദേശികളുടെ എണ്ണം സംബന്ധിച്ചു ഫെബ്രുവരി രണ്ടിനു പാർലിമെന്റ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ച് എം.പിമാർ കത്ത് നൽകിയിട്ടുണ്ട്. സ്വദേശികൾ സ്വന്തം രാജ്യത്ത് ന്യൂനപക്ഷമായി നിലകൊള്ളുകയാണ്. ആരോഗ്യം, അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം, ഊർജ്ജം, ഗതാഗതം തുടങ്ങിയ മേഖലകളിൾ വിദേശികളുടെ ആധിപത്യമാണെന്ന് ഇവർ ആരോപിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.