Currency

കുവൈത്ത് ദേശീയ പതാകയ്ക്ക് 55 വയസ്

സ്വന്തം ലേഖകന്‍Sunday, November 27, 2016 8:30 am

1961 നവംബര്‍ 24ന് സീഫ് പാലസില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് നാല് നിറങ്ങളിലുള്ള നിലവിലെ ദേശീയ പതാക ആദ്യമായി വാനിലേക്ക് ഉയര്‍ന്നത്.

കുവൈത്ത്: കുവൈത്ത് ദേശീയ പതാകയ്ക്ക് 55 വയസ്. 1961 നവംബര്‍ 24ന് സീഫ് പാലസില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് നാല് നിറങ്ങളിലുള്ള നിലവിലെ ദേശീയ പതാക ആദ്യമായി വാനിലേക്ക് ഉയര്‍ന്നത്. ചുവപ്പ് നിറത്തിന് നടുവിലായി കുവൈത്ത് എന്ന് അറബിയില്‍ ആലേഖനം ചെയ്തതായിരുന്നു 1961 നവംബര്‍ 23 വരെ കുവൈത്തിന്റെ ഔദ്യോഗിക കൊടിയടയാളം. കുവൈത്തിന് സ്വാതന്ത്ര്യം കിട്ടിയ ശേഷം അമീര്‍ ശൈഖ് അബ്ദുല്ല അല്‍ സാലിം അസ്സബാഹിന്റെ കാലത്താണ് പതാകയെ അന്താരാഷ്ട്ര നിലവാരത്തിലെക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നാല് വര്‍ണങ്ങളിലുളള നിലവിലെ ദേശീയ പതാക ഔദ്യോഗികമായി അംഗീകരിച്ചത്. സീഫ് പാലസില്‍ നടന്ന ചടങ്ങില്‍ ഷെയ്ഖ് സഅദ് അല്‍ അബ്ദുല്ല അല്‍ സാലിം അസ്സബാഹ് ആണ് പുതിയ പതാക ഉയര്‍ത്തിയത്.

ഇതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ കെട്ടിടത്തിന് മുമ്പില്‍ കുവൈത്തിന്റെ ദേശീയ പതാക സ്ഥാനം പിടിച്ചത്. 1963ല്‍ അന്ന് വിദേശകാര്യ മന്ത്രി ആയിരുന്ന അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആണ് യുഎന്‍ ആസ്ഥാനത്ത് കുവൈത്ത് പതാക ഉയര്‍ത്തിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ ചിഹ്നമായി ചതുര്‍വര്‍ണ്ണ പതാകയെ നെഞ്ചേറ്റുന്നതോടൊപ്പം ഔദ്യോഗിക സ്ഥാനം നഷ്ടമായ പഴയ ചെങ്കൊടിയെയും രാജ്യപൈതൃകത്തിന്റെ അടയാളമായി കുവൈത്ത് ജനത ഇന്നും ഒപ്പം നിര്‍ത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x