Currency

ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ തൊഴിലാളികളുടെ വര്‍ധന വെല്ലുവിളിയാകുന്നുവെന്ന് താമസകാര്യവകുപ്പ്

സ്വന്തം ലേഖകന്‍Sunday, November 20, 2016 1:24 pm

രാജ്യത്തെ വിദേശ തൊഴിലാളികളുടെ 80 ശതമാനവും അവിദഗ്ധരാണെന്നും ജനസംഖ്യാ അനുപാതത്തില്‍ ഭീമമായ അന്തരമുണ്ടാക്കുന്ന തരത്തില്‍ ഇന്ത്യ പോലുള്ള ചില രാജ്യക്കാരുടെ എണ്ണം ഗണ്യമായി കൂടുന്നത് ഗൗരവമായി കാണുമെന്നും താമസകാര്യ വകുപ്പ് മേധാവി പറഞ്ഞു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കൂടുന്നത് വെല്ലുവിളിയുയര്‍ത്തുന്നതായി താമസകാര്യ വകുപ്പ്. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി തലാല്‍ മഅ്‌റഫി രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. അവിദഗ്ധരായ വിദേശികളുടെ വരവ് നിയന്ത്രിക്കുന്നതിനും രാജ്യത്തുള്ളവരുടെ എണ്ണം കുറക്കുന്നതിനും നാലിന നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിദേശ തൊഴിലാളികളുടെ 80 ശതമാനവും അവിദഗ്ധരാണെന്നും ജനസംഖ്യാ അനുപാതത്തില്‍ ഭീമമായ അന്തരമുണ്ടാക്കുന്ന തരത്തില്‍ ഇന്ത്യ പോലുള്ള ചില രാജ്യക്കാരുടെ എണ്ണം ഗണ്യമായി കൂടുന്നത് ഗൗരവമായി കാണുമെന്നും താമസകാര്യ വകുപ്പ് മേധാവി പറഞ്ഞു. തെരഞ്ഞെുടുപ്പില്‍ ജയിച്ചുവരുന്ന എം.പിമാര്‍ക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഉത്തരവാദിത്വമുണ്ട്. ജനസംഖ്യാനുപാതം ക്രമീകരിക്കുന്നതിനായി നാലു പദ്ധതികള്‍ പുതിയ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. വിവിധ സേവനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം വിദേശികളില്‍ നിന്ന് ഈടാക്കുന്ന ഫീസില്‍ വര്‍ധന വരുത്തുക. സ്‌പോണ്‍സര്‍മാരില്‍ നിന്നും കമ്പനികളില്‍ നിന്നും ഒളിച്ചോടിയെത്തുന്ന തൊഴിലാളികള്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ നിര്‍മ്മാണം നടത്തുക. തൊഴിലാളികളെ ഒളിച്ചോട്ടത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ ഉറപ്പുവരുത്തുക. താമസനിയമം ലംഘിക്കുന്ന വിദേശികള്‍ക്കുള്ള പിഴ ഇരട്ടിയാക്കുക എന്നിവയാണ് മന്ത്രാലയം മുന്നോട്ടു വെക്കാനുദ്ദേശിക്കുന്ന നിര്‍ദേശങ്ങള്‍.

ഈ നാലു നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നതിനാവശ്യമായ രൂപരേഖ തയാറായിട്ടുണ്ടെന്നും പുതിയ പാര്‍ലമെന്റിന്റെയും മന്ത്രിസഭയുടെയും അംഗീകാരം മാത്രമാണ് ഇനി വേണ്ടതെന്നും തലാല്‍ അല്‍ മഅറഫി പറഞ്ഞു. കുടുംബ വിസയും സന്ദര്‍ശക വിസയുംഅനുവദിക്കുന്നതിനുള്ള ശമ്പള പരിധി കൂട്ടിയത് വിദേശികളുടെ വരവ് കുറക്കാന്‍ ഇടയാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x