Currency

കുവൈത്തില്‍ ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകന്‍Tuesday, October 23, 2018 12:23 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. ശക്തമായ മഴ കാരണം രാജ്യത്തെ പല ഭാഗങ്ങളിലും റോഡുകളില്‍ വലിയ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. അടുത്ത ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയത്ത് വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അബ്ബാസിയ, അഹമദി, അബൂഹലീഫ, സല്‍മി, സാല്‍മിയ, ഫഹാഹീല്‍, റിഗ്ഗഇ, ജഹ്‌റ തുടങ്ങി രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴയുണ്ടായി. സല്‍മിയില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഗതാഗത നീക്കത്തെയും മഴ ബാധിച്ചു. മഴ മൂലമുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ക്കു അതിര്‍ത്തിയില്‍ നിര്‍ത്തിയിടേണ്ടി വന്നു.

മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി പൊതുമരാമത്ത് മന്ത്രാലയം തയാറെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പെട്ടെന്നുള്ള മഴയില്‍ കുറേ വാഹനങ്ങള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ സാഹചര്യം കണക്കിലെടുത്ത് പാലങ്ങള്‍ക്കടിയിലെ ജലനിരപ്പ് ഉയരുന്നത് നിരീക്ഷിക്കാനും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാനും പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. എന്നാല്‍ കനത്തമഴയില്‍ എല്ലാം താളം തെറ്റി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x