Currency

നിയമം ലംഘിച്ച് കുവൈറ്റിൽ കഴിയുന്നത് 75000 വിദേശികൾ

സ്വന്തം ലേഖകൻFriday, October 6, 2017 9:32 pm

റസിഡൻഷ്യൽ മേഖലകളിലും വ്യവസായ പ്രദേശങ്ങളിലും കൃഷി-ആടുവളർത്തൽ കേന്ദ്രങ്ങളിലുമാണു ഇത്തരക്കാർ കൂടുതലായും ഉള്ളതെന്നും ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു

കുവൈറ്റ് സിറ്റി: തൊഴിൽ, താമസകാര്യ നിയമങ്ങൾ ലംഘിച്ചു കുവൈറ്റിൽ 75000 വിദേശികൾ കഴിയുന്നുണ്ടെന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. റസിഡൻഷ്യൽ മേഖലകളിലും വ്യവസായ പ്രദേശങ്ങളിലും കൃഷി-ആടുവളർത്തൽ കേന്ദ്രങ്ങളിലുമാണു ഇത്തരക്കാർ കൂടുതലായും ഉള്ളതെന്നും ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.

താമസാനുമതി നിയമം, തൊഴിൽ നിയമം എന്നിവയ്ക്ക് പുറമെ ഗതാഗത നിയമം ലംഘിച്ചവർ, തട്ടിപ്പുകാർ, ലഹരിവസ്തുക്കൾ ഇടപാട് നടത്തിയവർ, മദ്യവിൽ‌പന തുടങ്ങിയവയ്ക്ക് പിടിയിലായവരെയും കുവൈറ്റിൽ നിന്നും നാടുകടത്തുന്നതാണ്. പിടികൂടി നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നവരെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കകം കയറ്റിവിടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കുവൈറ്റിൽ നിന്നും കഴിഞ്ഞ വർഷം നിയമലംഘകരായ 31,000 വിദേശികളെ വിദേശികളെ നാടുകടത്തിയിരുന്നു. ഇവരിൽ 24 ശതമാനവും ഇന്ത്യക്കാരായിരുന്നു. ആരോഗ്യക്ഷമതയില്ലാത്തതിന്റെ പേരിൽ പതിനായിരം വിദേശികളെയും കഴിഞ്ഞ വർഷം നാടുകടത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x