Currency

കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്; വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്കെതിരെ ശിക്ഷാ നടപടിയുമായി കുവൈത്ത്

സ്വന്തം ലേഖകന്‍Wednesday, July 22, 2020 5:09 pm

കുവൈത്ത് സിറ്റി: കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കുന്ന രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കേണ്ടത് രക്ഷിതാക്കളുടെ ബാധ്യത ആണെന്നും വീഴ്ച വരുത്തുന്നത് കുറ്റകൃത്യമായി പരിഗണിക്കുമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയത്തിലെ ശിശു സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. മുന അല്‍ ഖവാരി വ്യക്തമാക്കി.

പ്രതിരോധ കുത്തിവെപ്പ് നല്‍കാത്തത് ശിശു സംരക്ഷണ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 83 പ്രകാരം ആണ് ശിക്ഷാ നടപടി കൈക്കൊള്ളുക. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന രക്ഷിതാക്കള്‍ക്ക് ആയിരം ദിനാര്‍ വരെ പിഴയോ 6 മാസത്തെ തടവോ ആണ് ശിക്ഷ. ചിലപ്പോള്‍ തടവും പിഴയും ഒരുമിച്ചും ലഭിക്കും.

നിയമത്തെ കുറിച്ച് രക്ഷിതാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ആരോഗ്യകേന്ദ്രങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചില രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കുന്നതില്‍നിന്ന് മാറിനില്‍ക്കുന്നതായ പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ആരോഗ്യമന്ത്രാലയം സൗജന്യമായാണ് ഇത്തരം മരുന്നുകള്‍ നല്‍കുന്നതെന്നും ഡോ മുന അല്‍ ഖവാരി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x