Currency

കുവൈത്തില്‍ ആരോഗ്യമേഖലയിലും സ്വദേശിവത്കരണം; നഴ്‌സിങ് മേഖലയില്‍ പരിശീലനം

സ്വന്തം ലേഖകന്‍Tuesday, December 10, 2019 11:44 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൂടുതല്‍ സ്വദേശികളെ നഴ്സിംഗ് മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതി. ആരോഗ്യമേഖലയിലെ വിദേശി സാന്നിധ്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. അഞ്ചുവര്‍ഷം കൊണ്ട് നടപ്പിലാക്കാനാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.

സിവില്‍ സര്‍വീസ് കമീഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ്, കുവൈത്ത് സര്‍വകലാശാല എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. നഴ്‌സിങ് മേഖലയില്‍ മെച്ചപ്പെട്ട പരിശീലനം നല്‍കി സാങ്കേതിക തികവുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിന് അപ്ലൈഡ് എജുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപരേഖ തയാറാക്കിയിട്ടുണ്ട്. കോഴ്‌സിന്റെ നിലവാരം വര്‍ധിപ്പിക്കാനും പഠനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്കു തൊഴില്‍ സാധ്യത ഉറപ്പാക്കാനും ഉള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മേഖലയിലെ ആദ്യത്തെ നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഖ്യാതിയോടെ 1962 ഒക്ടോബറില്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് എജുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് സെന്ററില്‍ 300ലേറെ സ്വദേശികളാണ് പഠിക്കുന്നത്. കൂടുതല്‍ പേരെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.

നഴ്‌സിങ് തസ്തികയിലേക്ക് നിലവില്‍ സ്വദേശികള്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നില്ല. അതുകൊണ്ട് തന്നെ തല്‍ക്കാലം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നഴ്‌സുമാര്‍ക്ക് തൊഴില്‍നഷ്ട ഭീഷണിയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x