Currency

കുവൈത്തില്‍ കൂട്ടിച്ചേര്‍ത്ത കെട്ടിട ഭാഗങ്ങള്‍ പൊളിച്ചു നീക്കണം; മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, December 11, 2019 11:37 am

കുവൈത്ത് സിറ്റി: കൂട്ടിച്ചേര്‍ത്ത കെട്ടിട ഭാഗങ്ങള്‍ പൊളിച്ചു നീക്കണമെന്ന് കുവൈത്ത് ജലീബ് അല്‍ ശുയൂഖിലെ കെട്ടിട ഉടമകള്‍ക്ക് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. മുനിസിപ്പാലിറ്റി അംഗീകരിച്ച പ്ലാനില്‍ നിന്ന് വ്യത്യസ്തമായി കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയ ഭാഗങ്ങള്‍ പൊളിച്ചു നീക്കി കെട്ടിടങ്ങളുടെ അംഗീകാരം പുതുക്കണമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.

നവംബര്‍ 19ന് ആരംഭിച്ച ക്ലീന്‍ ജലീബ് കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നിരവധി കെട്ടിടങ്ങളിലാണ് അനധികൃത കൂട്ടിച്ചേര്‍ക്കലുകള്‍ കണ്ടെത്തിയത്. ഇത്തരം കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ പൊളിച്ചു നീക്കി കെട്ടിടത്തിന്റെ ഘടന മുനിസിപ്പാലിറ്റി അംഗീകരിച്ച പ്ലാനിനു അനുസൃതമാക്കി ക്രമപ്പെടുത്തിയാല്‍ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി.

മുന്‍സിപ്പാലിറ്റി ഡയറക്ടര്‍ എന്‍ജിനീയര്‍ അഹമ്മദ് അല്‍ മന്‍ഫൂഹിയുടെ നിര്‍ദേശപ്രകാരം സംയുക്ത മന്ത്രിസഭാ സമിതി മേഖലയില്‍ പരിശോധന തുടരുകയാണ്. മുനിസിപ്പാലിറ്റി, മാന്‍ പവര്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലായം, വാണിജ്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്നതാണ് സംയുക്ത സമിതി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x