
കുവൈത്ത് സിറ്റി: വ്യാജരേഖകള്‍ നല്‍കി കുവൈത്ത് പൗരത്വം നേടിയതു സംബന്ധിച്ച പരാതികളില്‍ അടുത്തയാഴ്ച പരിശോധന തുടങ്ങും. പാര്‍ലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതിയാണ് പരിശോധന നടത്തുന്നത്. പരലും വ്യാജരേഖ ഉപയോഗിച്ചാണ് പൗരത്വം നേടിയതെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം.
അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ ജനസംഖ്യയില്‍ അസ്വാഭാവികമായ വര്‍ധനയുണ്ടായതിനെ തുടര്‍ന്നു കഴിഞ്ഞ മാസമാണ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വിഷയം ആഭ്യന്തര-പ്രതിരോധ സമിതിക്കു വിട്ടത്. രാജ്യത്ത് പൗരത്വമില്ലാത്തവരായി (ബിദൂന്‍) കഴിയുന്ന പതിനായിരങ്ങളില്‍ പലരും അര്‍ഹതയില്ലാതെ പട്ടികയില്‍ ഇടം കണ്ടെത്തിയവരാണെന്ന പരാതിയും നേരത്തേയുണ്ട്. അതിനു പുറമെയാണ് പൗരത്വത്തിനു വേണ്ടിയുള്ള അപേക്ഷകളുടെ വര്‍ധന.
നിയമവ്യവസ്ഥ പ്രകാരം തെറ്റായ വിവരങ്ങളിലൂടെ നേടിയെടുത്ത പൗരത്വം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം മന്ത്രിസഭയാണ് ഇത്തരം പൗരത്വം പിന്‍വലിക്കാന്‍ തീരുമാനമെടുക്കുക. 2015ല്‍ 105 പേര്‍ ഇത്തരത്തില്‍ വ്യാജരേഖ സമര്‍പ്പിച്ച് നിയമവിധേയമല്ലാതെ പൗരത്വം നേടിയതായി കണ്ടെത്തിയിരുന്നു. 2016ല്‍ രണ്ടു കേസുകളാണ് കണ്ടെത്തിയത്. 51 വര്‍ഷം മുന്‍പു വ്യാജരേഖ വഴി സമ്പാദിച്ചതായിരുന്നു രണ്ടുപേരുടെയും പൗരത്വം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.