
കുവൈത്ത് സിറ്റി: സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കാന്‍ കുവൈത്ത് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജനസംഖ്യാക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചു സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥക്ക് ബദല്‍ സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ചാണ് ആലോചന. വിഷയം ചര്‍ച്ച ചെയ്യാന്‍ സാമ്പത്തിക വികസന കാര്യമന്ത്രി മറിയം അല്‍ അഖീലിന്റെ നേതൃത്വത്തില്‍ മന്ത്രി തല യോഗം ഉടന്‍ ചേരുമെന്നു കുവൈത്ത് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഫാല സമ്പ്രദായം ഒഴിവാക്കാനുള്ള നിര്‍ദേശത്തിനു ഗവണ്മെന്റ് പച്ചക്കൊടി കാട്ടിയതായാണ് സൂചന. ജനസംഖ്യാക്രമീകരണപദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്തരമൊരു നീക്കം. അഞ്ചു വര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കുക എന്നതാണ് ജനസംഖ്യാക്രമീകരണപദ്ധതിയിലെ പ്രധാന അജണ്ട. ഇതുമായി ചേര്‍ന്ന് പോകുന്ന തരത്തിലായിരിക്കും സ്‌പോണ്‍സര്‍ഷിപ്പിനു പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട്.
വിസ കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാന്‍ പല മാര്‍ഗങ്ങളും സ്വീകരിച്ചു പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ എടുത്തുമാറ്റാനുള്ള നിര്‍ദേശത്തോട് ഗവണ്മെന്റ് അനുകൂലനിലപാട് സ്വീകരിച്ചത്. വിദേശ് തൊഴിലാളിക്ക് തൊഴില്‍ പെര്‍മിറ്റ് ഇഖാമ എന്നിവ ലഭിക്കണമെങ്കില്‍ സ്വദേശിയായ ഒരു സ്പോണ്‍സര്‍ നിര്‍ബന്ധമാണ് എന്നതാണ് സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായത്തിന്റെ കാതല്‍. സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതാകുന്നതോടെ ഐ.എല്‍.ഒ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ റാങ്കിങ്ങില്‍ മുകളിലെത്താന്‍ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.