കുവൈത്ത് സിറ്റി: ഇറാനിലേക്കും തിരിച്ചുമുള്ള ഏല്ലാ വിമാന സര്‍വീസുകള്‍ക്കും കുവൈത്ത് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തി. ഇറാന്‍ നഗരമായ ഖോമില്‍ കൊറോണ ബാധിച്ചു രണ്ടു പേര്‍ മരിച്ച സാഹചര്യത്തിലാണ് ഇറാനിലേക്കും തിരിച്ചുമുള്ള മുഴുവന്‍ വിമാനസര്‍വീസുകളും വ്യാഴാഴ്ച മുതല്‍ കുവൈത്ത് നിര്‍ത്തലാക്കിയത്. രണ്ടാഴ്ചക്കിടെ ഇറാന്‍ സന്ദര്‍ശിച്ചവരെ പ്രത്യേകം നിരീക്ഷണത്തില്‍ വെക്കുമെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണ വ്യാപനം തടയുന്നതിനായി ഇറാന്‍ പൗരന്മാര്‍ക്ക് താല്‍കാലികമായി വിസ നിരോധം ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാന്‍ പൗരന്മാര്‍ക്കും രണ്ടാഴ്ചക്കിടെ ഇറാന്‍ സന്ദര്‍ശിച്ച മറ്റു വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിസ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ശിപാര്‍ശ. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നു പൗരന്മാര്‍ക്ക് കുവൈത്ത് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
ഖോം നഗരത്തില്‍ കോവിഡ് 19 കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും രണ്ടു പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ചൈന ഹോങ്കോങ് പൗരന്മാര്‍ക്കു കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി നേരത്തെ കുവൈത്ത് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.