Currency

കോവിഡ് 19: വിമാന സര്‍വീസുകള്‍ പൂര്‍ണമായും കുവൈത്ത് നിര്‍ത്തി; രണ്ടാഴ്ച പൊതുഅവധി

സ്വന്തം ലേഖകന്‍Thursday, March 12, 2020 12:02 pm

കുവൈത്ത് സിറ്റി: വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വെക്കാന്‍ കുവൈത്തിന്റെ തീരുമാനം. ലോകാരോഗ്യ സംഘടന കോവിഡ് 19 ആഗോള മഹാമാരിയായി പ്രഖ്യാപിക്കുകയും ഗള്‍ഫ് മേഖലയില്‍ രോഗം പടരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. കുവൈത്ത് മന്ത്രിസഭായോഗം രണ്ടാഴ്ചക്കാലം രാജ്യത്ത് പൊതുഅവധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി മാര്‍ച്ച് 29ന് മാത്രമാകും പുനരാരംഭിക്കുക. രാജ്യത്തു നിന്നുള്ള എല്ലാ വാണിജ്യ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചു. ആളുകള്‍ ഒത്തുകൂടുന്ന കേന്ദ്രങ്ങള്‍ എന്ന നിലക്ക് ഷോപ്പുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, തിയറ്ററുകള്‍ എന്നിവ അടച്ചിടും.

ഖത്തറില്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 238 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചു. ഒരേ താമസകേന്ദ്രത്തിലുള്ള പ്രവാസികളാണിവര്‍. ഇതോടെ ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണം 262 ആയി ഉയര്‍ന്നു. ഗള്‍ഫിലെ ഏറ്റവും ഉയര്‍ന്ന എണ്ണം കൂടിയാണിത്. പശ്ചിമേഷ്യയില്‍ രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലാണ്.

ഇറാനില്‍ നിന്ന് തിരിച്ചെത്തിച്ച എണ്‍പതോളം ബഹ്‌റൈനികള്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം ഉറപ്പിച്ചതോടെ എണ്ണം 72 ആയി. സൗദിയില്‍ ഒരാള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ എണ്ണം 21ല്‍ എത്തി.

രോഗം പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലാണ് കുവൈത്തിനു പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x