Currency

വ്യാജ സര്‍ട്ടിഫിക്കറ്റ്: കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് നിര്‍ത്തി

സ്വന്തം ലേഖകന്‍Friday, August 14, 2020 4:31 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റിനെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മാന്‍പവര്‍ അതോറിറ്റിയാണ് കുവൈത്ത് എജിനീയേഴ്സ് സൊസൈറ്റിക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാനും ഏഷ്യന്‍ വംശജരെ ഫഹാഹീലില്‍ നിന്ന് രഹസ്യാന്വേഷണവിഭാഗം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എന്‍ജിനീയറിങ് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായി വിവരം ലഭിച്ചത്.

നിരവധി ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ തങ്ങളുടെ സഹായം തേടിയിരുന്നതായി സംഘം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം. ഇതേ തുടര്‍ന്നാണ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് എന്‍.ഒ.സി നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ മാന്‍ പവര്‍ അതോറിറ്റി കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിക്ക് നിര്‍ദേശം നല്‍കിയത്.

എന്‍ജിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് കുവൈത്ത് സൊസൈറ്റി ഓഫ് എന്‍ജിയേഴ്സിന്റെ എന്‍.ഒ.സി നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് എന്‍ജിനീയറിങ് തസ്തികയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ യോഗ്യതാ സട്ടിഫിക്കറ്റുകള്‍ അധികൃതര്‍ പരിശോധിച്ചു തുടങ്ങിയത്. സര്‍ട്ടിഫിക്കറ്റ് പരിശോധനക്കും പ്രൊഫഷണല്‍ ആപ്റ്റിറ്റിയൂഡ് പരീക്ഷക്കും ശേഷമാണ് എഞ്ചിനിയേഴ്സ് സൊസൈറ്റി എന്‍.ഒ.സി നല്‍കുന്നത്. ഇന്ത്യയില്‍ എന്‍.ബി.എ അക്രഡിറ്റഡ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് കെ.എസ്.ഇ അംഗീകരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x