Currency

കുവൈത്തില്‍ ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, January 28, 2020 10:57 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇലക്ട്രിക് കാറുകള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കമാരംഭിച്ചു. 2022 ഓടെ രാജ്യത്ത് ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ പ്രചാരത്തിലാക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ കുവൈത്ത് സയന്റിഫിക് റിസര്‍ച്ച് സെന്റര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വൈദ്യുതി കാര്‍ രാജ്യത്തെത്തിച്ചിരുന്നു. ദൂരയാത്രകളില്‍ ചാര്‍ജ് ചെയ്യുന്നതടക്കമുള്ള വെല്ലുവിളികള്‍ പരിഹരിക്കാന്‍ രാജ്യമെമ്പാടും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് വൈദ്യുതി മന്ത്രാലയത്തിന്റെ പരിഗണയിലുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍, വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് വകുപ്പ്, വാണിജ്യ വ്യവസായമന്ത്രാലയം, കുവൈത്ത് സയന്റിഫിക് റിസര്‍ച്ച് സെന്റര്‍ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെയാണ് പഠനത്തിനായി ചുമതലപ്പെടുത്തിയത്.

സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങള്‍ മാറ്റി പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളാക്കുക, ഇലക്ട്രിക് കാറിനായുള്ള വൈദ്യുതി ഉപയോഗത്തിന് ഇളവുകളോടെയുള്ള പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളില്‍ സര്‍ക്കാര്‍ ഫത്‌വ വകുപ്പിന്റെ ഉപദേശം തേടിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച സമാപിച്ച കുവൈത്ത് മോട്ടോര്‍ ഷോയില്‍ വിവിധ കമ്പനികള്‍ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x