Currency

കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വിസിന് ധാരണ

സ്വന്തം ലേഖകന്‍Saturday, October 5, 2019 12:14 pm

കുവൈത്ത് സിറ്റി: കുവൈത്തിനും ഇന്ത്യക്കുമിടയില്‍ കൂടുതല്‍ വിമാന സര്‍വിസുകള്‍ ലഭ്യമാക്കുന്നതിനായി കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നാജിം ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ പരസ്പരം നിലനിര്‍ത്തിപ്പോരുന്ന പ്രധാന പദ്ധതികളെക്കുറിച്ചും സൗഹൃദ ഉഭയകക്ഷിബന്ധത്തെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.

ഇരു രാജ്യങ്ങള്‍ക്കിടയിലെ വിമാന സര്‍വിസുകളില്‍ കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുന്നതിനായി ജാസിം അല്‍ നാജിം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കരാര്‍ പ്രകാരം രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ ഒരാഴ്ചയില്‍ 12,000 സീറ്റുകളായിരുന്നു അനുവദിച്ചിരുന്നത്. 2007 മുതല്‍ നിലനില്‍ക്കുന്ന ഈ കരാറില്‍ മാറ്റം വരുത്തുന്നതിനുവേണ്ടിയാണ് അംബാസഡര്‍ ജാസിം അല്‍ നാജിം പ്രധാനമായും ഹര്‍ദീപ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങള്‍ പരസ്പരം നിലനിര്‍ത്തിപ്പോരുന്ന സൗഹൃദ നയതന്ത്രബന്ധത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിനായി എല്ലാവിധ മേഖലകളിലും പരസ്പര സഹകരണം അത്യാവശ്യമാണെന്നു ഹര്‍ദീപ് സിങ് വ്യക്തമാക്കി.

ഏവിയേഷന്‍ വകുപ്പുമായി കൂടുതല്‍ സഹകരണം നിലനിര്‍ത്തുന്നത് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥക്കു കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നു അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x