
Pills macro
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിപണിയിലുള്ള 3126 മരുന്നുകള്‍ക്ക് 86 ശതമാനം വരെ വില കുറക്കാന്‍ തീരുമാനം. കുവൈത്ത് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ജി.സി.സി തലത്തില്‍ മരുന്നുകളുടെ വിലയില്‍ ഏകീകരണം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്.
മരുന്നുവില കുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ മന്ത്രാലയത്തിലെ വിദഗ്ധരടങ്ങുന്ന വിലനിര്‍ണ്ണയ സമിതിക്ക് രൂപം നല്‍കിയിരുന്നു. സമിതിയുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ടാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനത്തിലെത്തിയത്. ഇതനുസരിച്ച് ഹൃദയസംബന്ധമായ രോഗങ്ങള്‍, പ്രമേഹം, പ്രഷര്‍ പോലുള്ള പാരമ്പര്യ രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കുവേണ്ട 1033 മരുന്നുകളുടെ വിലയില്‍ 84 ശതമാനംവരെ വില കുറയും.
ത്വക്ക് രോഗം, ശ്വാസകോശ സംബന്ധമായ രോഗം, ഉദര രോഗം എന്നിവയുടെ ചികിത്സക്കുള്ള 675 മരുന്നുകള്‍ക്ക് 83 ശതമാനംവരെ വില കുറയും. മൂത്രസംബന്ധമായ രോഗങ്ങളുടെ ചികിത്സക്കുള്ള 384 മരുന്നുകള്‍ക്ക് 78 ശതമാനംവരെയാണ് വില കുറയുക. അമാശയ-കരള്‍ സംബന്ധമായ രോഗങ്ങള്‍ക്കും ട്യൂമര്‍ ചികിത്സക്കും വേണ്ടിയുള്ള 1034 തരം മരുന്നുകള്‍ക്ക് 86 ശതമാനംവരെ വില കുറയുമെന്നുമാണ് റിപ്പോര്‍ട്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.