
കുവൈത്ത് സിറ്റി: ഓഗസ്റ്റ് ഒന്ന് മുതല്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ മന്ത്രിസഭ അനുമതി. മൂന്നു ഘട്ടങ്ങളായി കൊമേര്‍ഷ്യല്‍ ഫ്ലൈറ്റുകള്‍ക്ക് അനുമതി നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ആദ്യഘട്ടത്തില്‍ 30 ശതമാനം സര്‍വീസുകളാണ് അനുവദിക്കുക. വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്കും വിമാനക്കമ്പനികള്‍ക്കുമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് ബാധയില്ലെന്നു തെളിയിക്കുന്ന പിസിആര്‍ പരിശോധനാഫലം ഹാജരാക്കണം എന്നതാണ് പ്രധാന നിര്‍ദേശം. വിമാനത്തില്‍ കയറുംമുമ്പ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്ലോനിക് ആപ്ലികേഷനില്‍ രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യമന്ത്രലയത്തിന്റെ നിര്‍ദേശം അനുസരിച്ചു ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ഹോം ക്വാറന്റൈനിലോ കഴിയുമെന്ന് രേഖാമൂലം ഉറപ്പു നല്‍കണം. കുവൈത്തിലെത്തുന്ന ഓരോ വിമാനത്തില്‍ നിന്നും 10 പേരെ വീതം റാന്‍ഡം അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് പരിശോധനക്ക് വിധേയമാക്കും.
വിമാനത്തില്‍ കയറുന്നതിനു മുമ്പും വിമാനമിറങ്ങുന്നതിനു മുമ്പും ശരീര ഊഷ്മാവ് പരിശോധിക്കണം. മുഴുവന്‍ യാത്രക്കാരും മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. കുവൈത്തില്‍ നിന്നു വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് നോ കോവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമെങ്കില്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ലബോറട്ടറിയില്‍ നിന്ന് പണം അടച്ചു സര്‍ട്ടിഫിക്കറ്റ് നേടാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.