Currency

കോവിഡ് നിയന്ത്രണം; കുവൈത്തില്‍ സുരക്ഷ ശക്തമാക്കുന്നു

സ്വന്തം ലേഖകന്‍Tuesday, February 9, 2021 6:05 pm

കുവൈത്ത്‌സിറ്റി: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ സുരക്ഷ ശക്തമാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നും ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസ്സബാഹ് ആഹ്വാനം ചെയ്തു.

രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കണമെന്ന മന്ത്രിസഭ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാവിന്യാസം ശക്തമാക്കിയത്. നിയന്ത്രണം നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ രാത്രി ഏഴുമണി മുതല്‍ രാജ്യമാകെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരത്തില്‍ റോന്തുചുറ്റും. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വിവാഹം ഉള്‍പ്പെടെ എട്ട് ഒത്തുചേരലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വാണിജ്യ കേന്ദ്രങ്ങള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയവ രാത്രി എട്ടിനും പുലര്‍ച്ചെ അഞ്ചിനുമിടക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് കുവൈത്ത് മന്ത്രിസഭ ഉത്തരവിട്ടത്.

സലൂണുകള്‍, ഹെല്‍ത്ത് ക്ലബുകള്‍ എന്നിവ പൂര്‍ണമായും അടച്ചിടണമെന്നും, ദേശീയ ദിനാഘോഷം ഉള്‍പ്പെടെ യാതൊരു വിധ ഒത്തു ചേരലുകളും പാടില്ലെന്നും നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x