Currency

കുവൈത്തില്‍ ആഗസ്റ്റ് 31ന് ശേഷം ഇഖാമ കാലാവധിക്ക് സ്വാഭാവിക എക്സ്റ്റന്‍ഷന്‍ ഉണ്ടാകില്ല; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി

സ്വന്തം ലേഖകന്‍Tuesday, August 18, 2020 5:40 pm

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഗസ്റ്റ് 31ന് ശേഷം ഇഖാമ കാലാവധിക്കു സ്വാഭാവിക എക്സ്റ്റന്‍ഷന്‍ ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം. സന്ദര്‍ശക വിസയിലുള്ളവര്‍ ആഗസ്റ്റ് 31ന് മുമ്പ് രാജ്യം വിടണമെന്നും അല്ലാത്തപക്ഷം പിഴ ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശികളുടെ ഇഖാമ കാലാവധിയും വിസിറ്റ് വിസ കാലാവധിയും രണ്ടു തവണ നീട്ടിനല്‍കിയിരുന്നു. വിമാനസര്‍വീസ് ഇല്ലാത്തതിനാല്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തി ആയിരുന്നു നടപടി. കാലാവധി കഴിയുന്ന എല്ലാവിഭാഗം വിസകള്‍ക്കും പ്രത്യേക അപേക്ഷ ഒന്നുമില്ലാതെ ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റന്‍ഷന്‍ നല്‍കുകയായിരുന്നു. 4,05,000 വിദേശികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വിമാന സര്‍വീസ് ഇല്ലാതെ കുടുങ്ങിയ നിരവധി പേര്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ നടപടി അനുഗ്രഹമായി. ഇക്കാലയളവില്‍ വിസ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്കും ഇളവ് പ്രയോജനപ്പെട്ടു.

2,60,000 പേര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിസ പുതുക്കി. എന്നാല്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടും 1,45,000 പേര്‍ ഇനിയും ഇഖാമ പുതുക്കിയിട്ടില്ല. ഇത്തരക്കാര്‍ക്ക് ഇനി ഇളവ് ഉണ്ടാകില്ലെന്ന് ആണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ആഗസ്റ്റ് 31നകം ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കിയില്ലെങ്കില്‍ താമസ നിയമലംഘകരായി കണക്കാക്കും പിഴ ഈടാക്കുകയും നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. സന്ദര്‍ശക വിസയിലുള്ളവര്‍ ഈ മാസം 31നകം തിരിച്ചുപോയില്ലെങ്കില്‍ പിന്നീട് കുവൈത്തിലേക്ക് വരാന്‍ കഴിയാത്ത വിധം കരിമ്പട്ടികയില്‍ പെടുത്തും. സ്‌പോണ്‍സറില്‍ നിന്ന് പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x